Cinemapranthan

എഴുതിയ പാട്ടുകൾ എല്ലാം ഹിറ്റ് ചാർട്ടിൽ; ലിറിക്സിൽ ട്രെൻഡ് സെറ്ററായി സുഹൈൽ കോയ

‘ഓനാ ഹിജാബിയെ കിനാവ് കണ്ട്’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചു കൊണ്ട് സുഹൈൽ കോയ ട്രെൻഡ് ആവർത്തിക്കുകയാണ്

‘ജാതിക്കാത്തോട്ടം.. ജാതി നിന്റെ നോട്ടം’ എന്ന ഗാനം മലയാളികൾ മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ! ‘തണ്ണീർ മത്തൻ ദിനങ്ങൾ’ ചിത്രത്തിലെ ഈ ഗാനം ഉണ്ടാക്കിയ ഓളം അത്ര കണ്ടൊന്നും ചെറുതല്ല. വല്ലാത്തൊരു ഫീൽ തന്ന ഗാനം.. പ്രേക്ഷകന്റെ ഉള്ളിലേക്ക് ആ ഫീൽ അത്രയൊന്നും കുറയ്ക്കാതെ കടത്തി വിട്ടെങ്കിൽ ആ വരികൾ എഴുതിയ ആ ഒരാളെ അങ്ങനെ മറക്കാൻ പറ്റോ? അവിടുന്ന് ഇങ്ങോട്ട് ദേ ‘മ്യാവു’ വരെ എത്തി നിൽക്കുന്ന, എഴുതിയ പാട്ടുകൾ എല്ലാം ഹിറ്റാക്കിയ സുഹൈൽ കോയ എന്ന ഗാനരചയിതാവ് ലിറിക്സിൽ ട്രെൻഡ് സെറ്ററായി മാറുകയാണ്.

സുഹൈൽ കോയയുടെ മാന്ത്രിക വിരലുകളിൽ പിറന്ന ‘ജാതിക്കാത്തോട്ടം’, ഉണ്ടാക്കിയ ഓളം വീണ്ടും ആവർത്തിക്കുകയാണ് മംമ്ത മോഹൻദാസ് – സൗബിൻ ഷാഹിർ പ്രധാന കഥാപാത്രങ്ങളാവുന്ന ‘മ്യാവു’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ. ‘ഓനാ ഹിജാബിയെ കിനാവ് കണ്ട്’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചു കൊണ്ട് സുഹൈൽ കോയ ട്രെൻഡ് ആവർത്തിക്കുകയാണ്. വരികളിലൂടെ വികാര വിചാരങ്ങളെ അത്രമേൽ ഇഴചേർത്തു എഴുതി കൊണ്ട് മലയാളികളുടെ മനസ്സിൽ സുഹൈൽ കോയ തന്റെ സ്ഥാനം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുകയാണ് ഈ ഗാനത്തിലൂടെ.

സോഷ്യൽ മീഡിയയിലും, യൂട്യുബിലും ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് സുഹൈൽ രചിച്ച ‘ഹിജാബി’ ഗാനം. ദുബായിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ലാൽ ജോസ് ആണ് സംവിധാനം ചെയ്യ്തിരിക്കുന്നത്. ‘ജാതിക്കാത്തോട്ടം’ പോലെ ‘മ്യാവു’ലെ ‘ഹിജാബി’ എന്ന ഗാനവും പ്രദർശനത്തിന് എത്തുന്നതിനു മുൻപ് തന്നെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

എഴുതുന്ന ഓരോ പാട്ടുകളിലും തന്റേതായ ശൈലി അടയാളപ്പെടുത്തി പോവുകയാണ് സുഹൈൽ, വ്യത്യസ്തമായ ഗാനരചന ആണ് സുഹൈലിന്റെ പ്രത്യേകതകളിൽ ഒന്ന്. വാക്കുകൾ കൊണ്ട്, വരികളാൽ തീർക്കുന്ന മാന്ത്രികതയാണ് ആണ് സുഹൈലിന്റെ ഓരോ പാട്ടുകളും പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പിടിക്കാൻ കാരണം. ഓരോ വരികളിലും ഒളിച്ചിരിക്കുന്ന ആ മാന്ത്രികതയിലൂടെ ഗാനത്തിനൊപ്പം നമ്മളും സ്വയം മറന്ന് ഒപ്പം മൂളും. ‘മ്യാവു’ എന്ന ചിത്രത്തിലെ ‘ഹിജാബി’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം അത് തന്നെയാണ്. സുഹൈൽ കോയ രചിച്ച ‘ജാതിക്കാത്തോട്ടം’, ‘ഹിജാബി’ എന്നീ രണ്ട് ഹിറ്റ് ഗാനങ്ങളുടെയും സംഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ് എന്നതാണ് മറ്റൊരു പ്രത്യേകത.

‘മോസയിലെ കുതിര മീനുകൾ’ എന്ന ചിത്രത്തിലെ ഉറുദു ഗാനം രചിച്ചു കൊണ്ട് ആണ് സുഹൈൽ കോയ മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. ഇംഗ്ലണ്ടിൽ ആയിരുന്ന സുഹൈൽ ഡൽഹിയിൽ ഉറുദു പഠിക്കാൻ എത്തുമ്പോഴാണ് ‘മോസയിലെ കുതിര മീനുകളിൽ’ ഗാനം രചിക്കുന്നത്. അതിന് ശേഷം തിരികെ ഇംഗ്ലണ്ടിലേക്ക് പോയ സുഹൈൽ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിൽ തിരക്കഥ – സംഭാഷണം നിർവഹിച്ചു കൊണ്ട് ആണ് വീണ്ടും മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്.

‘ഖൽബ്’ ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും രചിച്ചിരിക്കുന്നത് സുഹൈൽ കോയയാണ്. തുടർന്ന് ഗാനരചന രംഗത്ത് സജീവമായ സുഹൈൽ പാട്ടുകൾക്ക് വരികളൊരുക്കുന്നതിനൊപ്പം തിരക്കഥ രചനയിലും തന്റെതായ ഇടം കണ്ടെത്താൻ തയ്യാറെടുക്കുകയാണ്‌ ‘ഖൽബ്’ എന്ന ചിത്രത്തിലൂടെ. വ്യത്യസ്‌തകൾ ഇഷ്ടപെടുന്ന മലയാളികൾക്ക് വ്യത്യസ്ത ഗാനങ്ങൾ നൽകി മലയാള സിനിമാ ഗാനരംഗത്തു മുൻപന്തിയിൽ ഇനി സുഹൈൽ കോയയും ഉണ്ടാവും.. പുതിയ ട്രെൻഡുകൾ തീർത്ത്..

cinema pranthan