Cinemapranthan

‘ഈ.മ.യൗ, ജെല്ലിക്കട്ട്, ചുരുളി സിനിമകള്‍ ഒരു ത്രയത്തിന്റെ ഭാഗമാണ് ‘; ലിജോ ജോസ് പെല്ലിശ്ശേരി

ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്

മലയാള സിനിമയ്ക്ക് വ്യത്യസ്തതകളുടെ പുത്തൻ മുഖമുദ്ര സമ്മാനിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ പുതിയ ചിത്രം ചുരുളി കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇതിനോടകം തന്നെ വളരെയേറെ വിമര്ശനങ്ങളാണ് ഈ ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.

ഇപ്പോഴിതാ ഈ.മ.യൗ, ജെല്ലിക്കട്ട് എന്നീ സിനിമകൾ അടങ്ങുന്ന ത്രയത്തിന്റെ അവസാന ഭാഗമാണ് ചുരുളി എന്നാണു ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്. എന്നാൽ ഇത് മുൻകൂട്ടി നിശ്ചയിച്ചു നടപ്പാക്കിയതല്ല. സ്വാഭാവികമായി സംഭവിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍

‘ഈ.മ.യൗ, ജെല്ലിക്കട്ട്. ചുരുളി, എന്നീ സിനിമകള്‍ ഒരു ട്രലജിയുടെ ഭാഗമാണ്. ആ ത്രയത്തിന്റെ അവസാനത്തെ സിനിമയാണ് ചുരുളി. ജീവിതം, മരണം, മരണത്തിന് ശേഷമുള്ള അവസ്ഥയെക്കുറിച്ചാണ് ആദ്യ സിനിമ. അത് അത്തരത്തില്‍ രൂപാന്തരപ്പെടുകയായിരുന്നു. ഒരിക്കലും ആദ്യമേ തീരുമാനിച്ച് നടപ്പാക്കിയതല്ല. ഈ.മ.യൗ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഒരു ത്രയം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നല്ല. ഈ മ യൗ, ജെല്ലിക്കട്ടിനും ശേഷം വളരെ സ്വാഭാവികമായാണ് ചുരുളിയിലേക്ക് എത്തുന്നത്.

തിരുമേനിയുടെയും മാടന്റെയും കഥ തിരക്കഥയുടെ ഭാഗമാക്കിയത് തിരക്കഥാകൃത്തായ എസ് ഹരീഷാണ്. സിനിമയുടെ പ്ലോട്ടുമായി എല്ലാവരെയും ബന്ധിപ്പിക്കാന്‍ കഴിയുന്ന കഥ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ കഥ ചേര്‍ക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴും ആ കഥയിലേക്ക് തിരിച്ചുവരാന്‍ പ്രേക്ഷകന് സാധിക്കണം. ഏത് കഥയില്‍ നിന്നാണോ ആരംഭിച്ചത് അവിടെതന്നെ അവസാനം എത്തിപ്പെടുന്നു എന്ന് സിനിമ കാണുമ്പോള്‍ മനസിലാകും’.

19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം രാജ്യാന്തര മേളകളില്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം സോണി ലൈവിലൂടെ ആയിരുന്നു ചിത്രത്തിന്റെ പ്രദർശനം നടന്നത്. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

cinema pranthan