Cinemapranthan

‘കുറുപ്പ്’ ബുർജ് ഖലീഫയിൽ; 10ന് ട്രെയ്‌ലർ പ്രദർശനം

ആദ്യമായാണ് ബുർജ് ഖലീഫയിൽ ഒരു മലയാള ചിത്രത്തിൻറെ ട്രെയ്‍ലർ പ്രദർശിപ്പിക്കുന്നത്

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘കുറുപ്പ് ‘ ചിത്രത്തിൻറെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായ് നഗരത്തിന്റെ മുഖമുദ്രയായ ബുർജ് ഖലീഫയിൽ കുറുപ്പ് സിനിമയുടെ ട്രെയ്‌ലർ പ്രദർശനത്തിനെത്തുന്നു. നവംബർ 10 ന് രാത്രി 8 നും 8:30 നും ഇടയിൽ ആണ് ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ട്രെയ്‌ലർ പ്രദർശിപ്പിക്കുക. ആദ്യമായാണ് ബുർജ് ഖലീഫയിൽ ഒരു മലയാള ചിത്രത്തിൻറെ ട്രെയ്‍ലർ പ്രദർശിപ്പിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 12 നു ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

കേരളത്തിൽ മാത്രം നൂറിലേറെ തീയേറ്ററുകളിലാണ് ചിത്രത്തിന് റിലീസ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എൻറർടെയ്‍ൻ‍മെൻറ്സും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണ് ‘കുറുപ്പ്’ 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു കുറുപ്പ് ചിത്രീകരിച്ചത്.

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. വിനി വിശ്വ ലാലാണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

cinema pranthan