Cinemapranthan

കാത്തിരിപ്പുകൾക്ക് വിരാമം; ‘കുറുപ്പ്’ തിയറ്ററിൽ; ആവേശത്തോടെ ആരാധകർ

നവംബർ 12 നു ആണ് ‘കുറുപ്പ്’ പ്രദർശനത്തിനെത്തുക

കോവിഡ് രണ്ടാം തരംഗം കാരണം അടച്ചു പൂട്ടിയ തിയറ്ററുകൾ തിങ്കളാഴ്ച്ച തന്നെ തുറക്കുമെന്ന് ഉറപ്പായി. കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ തിയറ്റർ റിലീസിനെത്തുകയാണ്. ഇതോടെ ആരാധകരും ആവേശത്തിലാണ്. നവംബർ 12 നു ആണ് ചിത്രം പ്രദർശനത്തിനെത്തുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റർ റിലീസിലേക്ക് മാറിയത്.

അതെ സമയം തിയറ്റർ തുറക്കുമ്പോൾ ആദ്യമെത്തുക ജയിംസ് ബോണ്ട് ചിത്രമായ ‘നോ’ടൈം ടു ഡൈ’ ആണ്. തിങ്കളാഴ്ച ആകും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഹോളിവുഡ് ചിത്രം വെനം 2 ഒക്ടോബർ 27നും ശിവകാർത്തികേയന്റെ തമിഴ് ചിത്രം ഡോക്ടർ ഒക്ടോബർ 28നും കേരളത്തിൽ റിലീസ് ചെയ്യും.

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി, ജോജു ജോർജ് നായകനാകുന്ന സ്റ്റാർ എന്നീ ചിത്രങ്ങൾ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ-പ്രിയദർശൻ കൂട്ടിക്കെട്ടിലുള്ള ‘മരക്കാർ അറബിക്ക‌ടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രം ഉള്‍പ്പടെ നിരവധി സിനിമകളാണ് മലയാളത്തില്‍ റിലീസിനായി കാത്തിരിക്കുന്നത്.

തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ സിനിമാ തിയേറ്ററുകളും ഒരേ സമയത്തായിരിക്കും തുറക്കുക. സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.

cp-webdesk