Cinemapranthan

‘കുറുപ്പ്’ ഫ്ലാഷ് മോബ് കോൺടെസ്റ്റ്; നൃത്തം ചെയ്ത് ആരാധകർ; വൈറലായി വീഡിയോ

കുറുപ്പിനൊപ്പം ചുവടു വയ്ക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയും ഫ്രീ ടിക്കറ്റും നൽകുമെന്ന് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

ഒരിടവേളക്ക് ശേഷം തിയറ്റർ തുറന്ന് എത്തിയവയിൽ പ്രേക്ഷകരെ ആവേശത്തിലാക്കിയ ചിത്രമാണ് ‘കുറുപ്പ്’. തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ ‘കുറുപ്പ്’ ഫ്ലാഷ് മോബ് കോൺടെസ്റ്റിൽ നൃത്തം ചെയ്യുന്ന ആരാധകരുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കുറുപ്പിനൊപ്പം ചുവടു വയ്ക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയും ഫ്രീ ടിക്കറ്റും നൽകുമെന്ന് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ‘കുറുപ്പ്’ ഫ്ലാഷ് മോബ് കോൺടെസ്റ്റ് സംഘടിപ്പിച്ചത്. കുറഞ്ഞത് ഇരുപത് പേരെങ്കിലും അടങ്ങുന്ന ടീമായിരിക്കണം, എവിടെ വെച്ച് വേണമെങ്കിലും ഫ്ലാഷ് മോബ് ആകാം, കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തിയായിരിക്കണം ഫ്ലാഷ് മോബ്, അധികം എഡിറ്റിംഗ് കൂടാതെയാകണം വീഡിയോ എന്നിവയാണ് മത്സരത്തിന് നിഷ്കർഷിച്ചിരിക്കുന്ന നിബന്ധനകൾ.

ഇതിനു മുൻപും പ്രൊമോഷൻ രീതികൾ വ്യത്യസ്തതയുമായി ‘കുറുപ്പ്’ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിൽ അങ്ങോളമിങ്ങോളം കുറുപ്പ് അന്നൗണ്‍സ്‌മെന്റിനൊപ്പം ‘വാണ്ടഡ്’ പോസ്റ്ററുകളും വിതരണം ചെയ്ത് സാധാരണക്കാരിലേക്ക് എത്തിച്ചായിരുന്നു പ്രമോഷൻ.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘കുറുപ്പ് സംവിധാനം ചെയ്യ്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. മൂത്തോന്‍ എന്ന ചിത്രത്തിലൂടെയാണ് ശോഭിത മലയാള സിനിമയിലേക്ക് എത്തുന്നത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

cinema pranthan