Cinemapranthan

‘കപ്പേള’ ഇനി മറ്റു ഭാഷകളിലേക്ക്; റീമേക് വിലക്ക് പിൻവലിച്ച് ഹൈക്കോടതി

ചിത്രത്തിന്റെ സഹ എഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടർന്നാണ് ചിത്രത്തിന് എറണാകുളം ജില്ലാക്കോടതി വിലക്കേർപ്പെടുത്തിയത്

അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ‘കപ്പേള’യുടെ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹ എഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടർന്നാണ് ചിത്രത്തിന് എറണാകുളം ജില്ലാക്കോടതി വിലക്കേർപ്പെടുത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹമ്മദ് മുസ്തഫ, നിര്‍മ്മാതാവായ വിഷ്ണു വേണു, സിനിമയുടെ കഥയുടെ ആശയം നൽകിയ വാഹിദും ചേര്‍ന്ന് കോടതിയില്‍ രേഖകള്‍ നല്‍കിയതിനെ തുടർന്നാണ് ചിത്രത്തിന്റെ വിലക്ക് നീക്കം ചെയ്തത്.

മുൻപ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നതിനിടെയെയാണ് സുധാസ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. ‘കപ്പേള’യുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും പ്രീ പ്രൊഡക്ഷന്‍ സമയത്ത് ടീമിലെ ഒരാളെന്ന നിലയിലും സുധാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാൽ സുധാസ് പിന്നീട് രജനികാന്തിന്റെ ‘ദര്‍ബാര്‍’ എന്ന ചിത്രത്തില്‍ സഹായിയായി കപ്പേളയുടെ സെറ്റിൽ നിന്ന് പോയിരുന്നു. സുധാസ്‌ കൃത്യമായി ഒരു മാസത്തെ പ്രതിഫലവും കൈപ്പറ്റിയിട്ടുണ്ട്‌.

ഒരു മാസം ചിത്രത്തിന്റെ ഡയറക്ഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുകയും സ്‌ക്രിപ്റ്റ് ചര്‍ച്ചയില്‍ കൂടെയിരിക്കുകയും ചെയ്തതു കൊണ്ട് നിര്‍മ്മാതാവും സംവിധായകനും സഹഎഴുത്തുകാരൻ എന്ന സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേര് ടൈറ്റിലില്‍ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത് ചൂണ്ടിക്കാട്ടിയാണ് സുധാസ് ജില്ലാക്കോടതിയെ സമീപിക്കുകയും ചിത്രത്തിന്റെ റീമേക്കിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നത്.

‘കപ്പേള’യിലെ പ്രകടനത്തിനാണ് അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ‘കപ്പേളയുടെ’ സംവിധായകൻ മുഹമ്മദ് മുസ്തഫക്കാണ്. നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു. തീയേറ്ററുകളിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം തീയേറ്ററിൽ നിന്ന് പിൻവലിക്കേണ്ടി വന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുകയായിരുന്നു.

cinema pranthan