Cinemapranthan

കൂട്ടുകൂടി ഹിറ്റാക്കിയവർ; ജസ്റ്റിൻ വർഗീസും സുഹൈൽ കോയയും; മലയാള സിനിമയിലെ പുതിയ ഹിറ്റ് കോംബോ

സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസും ഗാനരചയിതാവായ സുഹൈൽ കോയയും മലയാള സിനിമയിലെ ഹിറ്റ് കോംബോ ആയി മാറുകയാണ്

മലയാള സിനിമക്ക് ലഭിച്ച പുതിയൊരു ഹിറ്റ് കോംബോ ആണ് ജസ്റ്റിൻ വർഗീസ്, സുഹൈൽ കോയ കൂട്ടുകെട്ട്. ‘തണ്ണീർ മത്തൻ ദിനങ്ങൾ’ ചിത്രത്തിൽ സുഹൈൽ കോയ രചിച്ച ‘ജാതിക്കത്തോട്ടം’ എന്ന ഗാനത്തിന് ജസ്റ്റിൻ സംഗീതം നൽകി കൊണ്ടാണ് ഇരുവരുടെയും സൂപ്പർഹിറ്റ് ഗാനങ്ങളുടെ യാത്ര ആരംഭിക്കുന്നത്. അവിടെ തുടങ്ങിയ ഹിറ്റ് ലിസ്റ്റിൽ ‘മ്യാവു’, ‘സൂപ്പർ ശരണ്യ’ ചിത്രങ്ങളിലെ ഗാനങ്ങളാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ ഒടുവിൽ പിറന്നിരിക്കുന്നത്.

സുഹൈൽ രചിച്ച് ജസ്റ്റിൻ സംഗീതം നൽകിയ ലാൽ ജോസ് ചിത്രം ‘മ്യാവു’ലെ ‘ഹിജാബി’ എന്ന ഗാനം സോഷ്യൽ മീഡിയയിലും, യൂട്യുബിലും ട്രെൻഡിങ് ആയി മാറിയിരുന്നു. ദുബായിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ‘ജാതിക്കാത്തോട്ടം’ പോലെ ‘മ്യാവു’ലെ ‘ഹിജാബി’ ഗാനവും പ്രദർശനത്തിന് എത്തുന്നതിനു മുൻപ് തന്നെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

‘ഹിജാബി’യുടെ ഓളം കെട്ടടങ്ങുന്നതിനു മുൻപ് തന്നെ ഇരുവരും ചേർന്ന് രചനയും സംഗീതവും നിർവഹിച്ച ‘സൂപ്പർ ശരണ്യ’യിലെ ഗാനങ്ങളും ഹിറ്റായി മാറിയിരിക്കുകയാണ്. ‘സൂപ്പർ ശരണ്യയിലെ’ രണ്ടു ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനങ്ങൾ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിലും യൂട്യുബിലും ട്രെൻഡായിരിക്കുകയാണ്. ‘ഷാരു ഷാരു’, ‘അശുഭ മംഗളകാരി’ എന്ന് തുടങ്ങുന്ന ഗാനങ്ങളാണ് റിലീസ് ആയിരിക്കുന്നത്.

‘തണ്ണീർ മത്തൻ ദിനങ്ങൾ’ സംവിധാനം ചെയ്ത ഗിരീഷ് എ ഡി തന്നെയാണ് ‘സൂപ്പർ ശരണ്യ’യുടെയും സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം മറ്റൊരു വിജയ ചിത്രത്തിന് വേണ്ടി ഗിരീഷ് എ ഡി, സുഹൈൽ കോയ, ജസ്റ്റിൻ വർഗീസ് എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘സൂപ്പർ ശരണ്യക്ക്’ ഉണ്ട്. സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസും ഗാനരചയിതാവായ സുഹൈൽ കോയയും മലയാള സിനിമയിലെ ഹിറ്റ് കോംബോ ആയി മാറുകയാണ്.

cinema pranthan