Cinemapranthan

സമൂഹ മാധ്യമങ്ങളിൽ ഇനി തൽക്കാലമില്ല; ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്ത് ജോജു ജോർജ്

തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസിൽ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ അക്കൗണ്ടുകൾ സ്വയം നീക്കം ചെയ്ത് നടൻ ജോജു ജോർജ്. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസിൽ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിക്കുകയും സംഘർഷം ഉണ്ടാവുകയും തുടർന്നുണ്ടായ വിവാദങ്ങളുമാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കാരണം.

അതേസമയം ജോജു ജോർജിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അക്കൗണ്ടുകൾ സ്വന്തം ഇഷ്ട പ്രകാരം നീക്കം ചെയ്തതാണെന്ന് ജോജുവിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സമൂഹ മാധ്യങ്ങളിൽ ഏറെ സജീവമായിരുന്ന താരമായിരുന്നു ജോജു. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേജിൽ സമര അനുകൂലികളും വിരുദ്ധരും തമ്മിൽ പരസ്പരം വാക്പോരുകൾ ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തൽക്കാലം ഇനി വേണ്ടെന്നാണ് ജോജുവിന്റെ നിലപാട്.

അതേസമയം പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് ജോജു ജോർജിന്റെ വാഹനം ആക്രമിച്ച കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കേസിൽ കൂടുതൽ നേതാക്കൾ പ്രതികളായേക്കും.

cinema pranthan