Cinemapranthan

താരങ്ങളുടെ ഇഷ്ട താരമായ കൂപ്പർ; കേരളത്തിലെ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പർ സ്വന്തമാക്കി ജോജു ജോർജ്

മിനി കൂപ്പർ ശ്രേണിയിൽ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ

സിനിമാ താരങ്ങളുടെ ഇഷ്ട താരമാണ് മിനി കൂപ്പർ. താരങ്ങൾക്കിടയിൽ മിനി കൂപ്പർ ഒരു ട്രെൻഡ് സെറ്ററായി തുടരുകയാണ്. ഇപ്പോഴിതാ കേരളത്തിൽ ആദ്യ സെസ്റ്റി മിനി കൂപ്പർ എസ് കൺവേർട്ടബിൾ മോഡൽ സ്വന്തമാക്കിയിരിക്കുകയാണ് നടൻ ജോജു ജോർജ്.

മിനി കൂപ്പർ ശ്രേണിയിൽ ഏറ്റവും മികച്ച കാറുകളിലൊന്നാണ് മിനി കൂപ്പർ എസ് കൺവേർട്ടബിൾ. 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. മക്കൾക്കൊപ്പം ഭാര്യ ആബ ഷോറൂമിൽ നിന്ന് മിനി ഏറ്റു വാങ്ങുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു മുൻപും ജോജു ഒരു മിനി കൂപ്പർ വാങ്ങിയിരുന്നു. 2018ൽ ‘ജോസഫ്’ സിനിമയുടെ വിജയത്തെ തുടർന്നായിരുന്നു അത്.

മിനി കൂപ്പർ എസ് കൺവേർട്ടബിൾ 1998 സിസി എൻജിൻ ആണ് ഉള്ളത്. 192 ബിഎച്ച്പിയും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിനു. വെറും 7.1 സെക്കന്റ് മാത്രം കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം ലഭിക്കും. മിനി കൂപ്പർ സ്വന്തമാക്കുന്ന സിനിമാ താരങ്ങളുടെ പട്ടിക നീളുകയാണ്. നിരവധി താരങ്ങളാണ് കൂപ്പർ സ്വന്തമാക്കിയിരിക്കുന്നത്.

അടുത്തിടെയാണ് നടൻ പൃഥ്വിരാജിന് പിറന്നാൾ സമ്മാനമായി ഭാര്യ സുപ്രിയ മിനി കൂപ്പറിന്റെ പെർഫോമൻസ് വാഹനമായ ജെ.സി.ഡബ്ല്യു അഥവാ ജോൺ കൂപ്പർ വർക്‌സ് നൽകിയത്. രണ്ട് മിനി കൂപ്പർ ആണ് ദുൽക്കർ സൽമാന്റെ ഗ്യാരേജിലുള്ളത്. 31 ലക്ഷം രൂപ വില വരുന്ന പച്ചനിറത്തിലുള്ള കഴിഞ്ഞ തലമുറ മിനി കൂപ്പർ എസ്, ഒരു പഴയകാല മിനി കൂപ്പർ എന്നിവയാണ് ദുൽക്കറിന്റെ പക്കലുള്ളത്.

മിനി കൺവർട്ടബിൾ സൈഡ്‌വാക്ക് എഡിഷൻ ആണ് നടൻ ടോവിനോ തോമസ് സ്വന്തമാക്കിയത്. ഡീപ് ലഗുണ മെറ്റാലിക് എക്സ്റ്റീരിയർ നിറം ഹൈലൈറ്റായ മിനി കൺവർട്ടബിൾ സൈഡ്‌വാക്ക് എഡിഷന് 44.90 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. മിനി ക്ലബ്മാൻ ഇന്ത്യൻ സമ്മർ റെഡ് എഡിഷൻ ആണ് നടൻ ജയസൂര്യ സ്വന്തമാക്കിയത്. ജയസുര്യ സ്വന്തമാക്കിയത് 67 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന ടോപ്-സ്പെക് മോഡൽ ആണ്. ഈ പതിപ്പ് സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വ്യക്തിയാണ് ജയസൂര്യ.

മിനി കൂപ്പർ എസ് 60 യിയേർസ് എഡിഷനാണ് നടൻ കുഞ്ചാക്കോ ബോബന്റേത്. ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ IV എന്ന പ്രത്യേകം തയ്യാറാക്കിയ നിറത്തിലുള്ള കൂപ്പർ എസ് 60 യിയേർസ് എഡിഷന്റെ എക്‌സ്-ഷോറൂം വില 40 ലക്ഷം രൂപയാണ്. മഞ്ഞ നിറത്തിലുള്ള ബോഡി കളറിൽ കറുപ്പുനിറത്തിൽ ബ്രിട്ടീഷ് പതാക റാപ്പ് ചെയ്ത സ്പെഷ്യൽ മിനി കൂപ്പർ എസ് ആണ് ആസിഫ് അലിയുടേത്. 31 ലക്ഷം കൂപ്പർ എസ്സിന്റെ എക്സ്ഷോറൂം വില. കൂപ്പറിന്റെ ഏറ്റവും പ്രശസ്തമായ മൂന്ന് ഡോർ വകഭേദമായ കൂപ്പർ എസ് ആണ് 2017 ൽ നിവിൻ പോളി സ്വന്തമാക്കിയത്.

cinema pranthan