Cinemapranthan

CBI 5; പ്രേക്ഷകർക്ക് സന്തോഷിക്കാം: സേതുരാമയ്യർ അഞ്ചാം ഭാഗത്തിൽ വിക്രമും ഉണ്ടാവും

സേതുരാമയ്യർ അഞ്ചാം ഭാഗത്തിൽ ജഗതിയെയും ഉൾപ്പെടുത്തണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്

മലയാള കുറ്റാന്വേഷണ സിനിമകളില്‍ എക്കാലത്തെയും മികച്ച സീരീസുകളിലൊന്നാണ് സി.ബി.ഐ. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സേതുരാമയ്യറിനും ടീമിനും എല്ലാ കാലത്തും വൻ വരവേൽപ്പാണ് നൽകിയിരുന്നത്. സേതുരാമയ്യരുടെ ഒപ്പം ആദ്യം മുതൽ തന്നെ ചാക്കോ ആയി മുകേഷും ഒപ്പം വിക്രം എന്ന കഥാപാത്രമായി ജഗതിയും ഉണ്ടായിരുന്നു. ഈ മൂവർ സംഘത്തിന് ലഭിച്ച സ്വീകാര്യത ഒരു പക്ഷെ മറ്റൊരു കുറ്റാന്വേഷണ സംഘത്തിനും മലയാളത്തിൽ ലഭിച്ചിട്ടുണ്ടാവില്ല.

സേതു രാമയ്യർ എന്ന് കേൾക്കുമ്പോൾ മുകേഷിനെയും ജഗതിയെയും മറന്നൊരു സംഘത്തിനെ ഓർക്കാൻ കൂടി മലയാളികൾക്ക് കഴിയാനാവില്ല. അത് കൊണ്ട് തന്നെയാവാം സേതുരാമയ്യർ അഞ്ചാം ഭാഗത്തിൽ ജഗതിയെയും ഉൾപ്പെടുത്തണം എന്ന് മമ്മൂട്ടി ആവശ്യപ്പെട്ടത്. അതെ.. എല്ലാ മലയാളി പ്രേക്ഷകരുടെയും ആഗ്രഹം പോലെ ഇത്തവണയും സേതുരാമയ്യരിൽ ജഗതിയുടെ സാന്നിധ്യം ഉണ്ടാവും.

കഴിഞ്ഞ മാസം 29ന് സിബിഐ’ (CBI) സീരിസിലെ അഞ്ചാം ഭാഗം ചിത്രീകണം ആരംഭിച്ചിരുന്നു. ഷൂട്ടിംഗ് സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്യുകയും ചെയ്തിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. എന്നാൽ ഇതുവരെയുള്ള സി ബി ഐ ചിത്രങ്ങളിൽ ഒപ്പമുണ്ടായിരുന്ന ജഗതിയെ കൂടി ഇത്തവണ ഉൾപ്പെടുത്തണമെന്ന് മമ്മൂട്ടി ആവിശ്യപെട്ടതായാണ് റിപ്പോർട്ടുകൾ.

ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. മമ്മൂട്ടിയുടെ ആവിശ്യം സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും അംഗീകരിക്കുകയും ചെയ്‌തെന്നാണ് സൂചന. അത് കൊണ്ട് ‘സിബിഐ’യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

അതെ സമയം സേതുരാമയ്യരുടെ അന്വേഷണ സംഘത്തിൽ മുകേഷിന് ഒപ്പം രമേഷ് പിഷാരടി ഉൾപ്പടെ തീർത്തും പുതിയ ഒരു ടീമായിരിക്കും എത്തുന്നത്. രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.

1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ചിത്രം വൻ ഹിറ്റായതോടെ 1989 ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം ഭാഗം വന്നു. ഇതും ബോക്‌സോഫീസ് ഹിറ്റായിരുന്നു. തുടർന്നാണ് ഒരു ഇടവേളക്ക് ശേഷം 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരിൽ മൂന്നാം ഭാഗം എത്തുന്നത്. അടുത്ത വര്‍ഷം നേരറിയാന്‍ സി.ബി.ഐയും എത്തി. നാല് ഭാഗങ്ങളിലെയും സേതു രാമയ്യർ സി ബി ഐയെ മലയാളി പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചത്. അത് കൊണ്ട് തന്നെ സേതു രാമയ്യരുടെ അഞ്ചാം വരവിനായുള്ള ആകാംഷ നിറഞ്ഞ കാത്തിരിപ്പിലാണ് ഒന്നടങ്കം മലയാളി പ്രേക്ഷകർ.

cinema pranthan