Cinemapranthan

‘പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിക്കാൻ അല്ല സ്വയം പര്യാപ്തതയ്ക്കാണ് മക്കളെ പഠിപ്പിക്കേണ്ടത്’; ഹരീഷ് ശിവരാമകൃഷ്ണന്‍

സ്ത്രീവിരുദ്ധപരമായ പരാമർശം നടത്തിയ മുക്തക്കെതിരെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍

ഫ്‌ളവേഴ്‌സ് ചാനൽ നടത്തുന്ന ‘സ്റ്റാർ മാജിക്’ പരിപാടിയിൽ നടി മുക്ത മകളെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായിരുന്നു. കുട്ടികളില്‍ ലിംഗ സമത്വം സംബന്ധിച്ച് അടിസ്ഥാന ബോധവല്‍ക്കരണം കൊടുക്കുന്നതിനു പകരം സ്ത്രീവിരുദ്ധപരമായ പരാമർശം നടത്തിയ മുക്തക്കെതിരെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍. ആണ്‍ക്കുട്ടികളേയും പെണ്‍കുട്ടികളേയും സ്വയം പര്യാപ്തമാക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും അല്ലാതെ ജോലിക്കാരിയുടെ തസ്തികയിലേക്ക് അപേക്ഷിച്ച് വിജയിക്കാന്‍ അല്ലെന്നും ഹരിഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്

”ഇതെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്… പക്ഷെ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് – ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല – അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട gender റോള്‍സ് പഠിപ്പിച്ച് റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛന്‍ അമ്മമാര്‍.”

അഞ്ചു വയസുകാരി കിയാരയ്ക്കൊപ്പമായിരുന്നു മുക്ത ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നൽകിയ ഉത്തരമാണ് വിവാദമായത്. ‘വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിലേക്ക് പോകേണ്ട കുട്ടിയാണെന്നും, അത് കൊണ്ട് വീട്ടുജോലികൾ എല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നുമാണ് മുക്ത പറഞ്ഞത്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുക്തക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി നല്‍കിയിട്ടുമുണ്ട്.

cp-webdesk