Cinemapranthan

‘പ്രിയദർശനും ലാലേട്ടനും പരസ്പരം കാണിക്കുന്ന ബഹുമാനവും അനുസരണയും എനിക്ക് വലിയ പാഠങ്ങളായിരുന്നു’; ഹരീഷ് പേരടി

ഡിസംബർ 2 നു ആണ് ‘മരക്കാർ’ റിലീസ് ചെയ്യുന്നത്

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ‘മരക്കാർ’ റിലീസാവാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ഇടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന ആദ്യ മോഹൻലാൽ ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. നിരവധി പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ നടൻ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മരക്കാറിലെ ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം ഹരീഷ് തന്റെ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒന്നിച്ച് കളിച്ചു വളര്‍ന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളായ പ്രിയദർശനും മോഹൻലാലും തമ്മിൽ പരസ്പരം നൽകുന്ന അനുസരണയും ബഹുമാനവും അഭിനയ വിദ്യാർഥിയായ തനിക്ക് വലിയ പാഠങ്ങളായിരുന്നുവെന്നും, ‘മരക്കാർ’ തനിക്ക് ഒരു സിനിമ മാത്രമല്ല പകരം തന്റെ അഭിനയ ജീവിതത്തിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നുവെന്നും ഹരീഷ് കുറിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്

“Our film is releasing on December 2nd ..u hv done a fabulous job on marrakkar ..thanks for being wt me, ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന,മുഴുവൻ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇൻഡ്യ കണ്ട വലിയ സംവിധായകൻ കുറച്ച് ദിവസങ്ങൾക്കുമുമ്പ് എനിക്കയച്ചു തന്ന വാക്കുകൾ…

മരക്കാറിൽ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി…പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകൾ എന്റെ ജീവിതകാല സമ്പാദ്യമാണ്…നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നിൽ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാൻ മലയാളികളോട് പറയേണ്ട ആവിശ്യമില്ല…പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളർന്ന,തമ്മിൽ തമ്മിൽ എടാ പോടാ ബന്ധമുള്ള ഇവർ..പരസ്പ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകൻ എന്ന നിലക്ക് ലാലേട്ടൻ പ്രിയൻ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാർത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു…മരക്കാർ എനിക്ക് ഒരു സിനിമ മാത്രമല്ല…എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യുട്ട് കൂടെയായിരുന്നു…പ്രിയേട്ടാ..ലാലേട്ടാ..സ്നേഹം മാത്രം…”

അതെ സമയം ഡിസംബർ 2 നു റിലീസാകുന്ന ‘മരക്കാർ’ ഐഎംഡിബി റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. പട്ടികയിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും എന്ന വിഭാഗത്തിലാണ് മരക്കാര്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രാജമൗലി ചിത്രം ‘ആർ ആർ ആർ’നെ പിന്തള്ളിയാണ് ചിത്രം ആദ്യ സ്ഥാനത്ത് എത്തിയത്.

നൂറുകോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് പറയുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

cinema pranthan