Cinemapranthan

‘ഡീഗ്രേഡ് ചെയ്യപ്പെടുന്നത് നല്ലത് ആണ്’; വിമർശനങ്ങളെക്കുറിച്ച് ഹരീഷ് പേരടി

റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ – പ്രിയദർശൻ ചിത്രം ‘മരക്കാർ’ റിലീസ് ചെയ്തത്. ഏറെ നാളത്തെ കാത്തിരിപ്പുക്കൊടുവിൽ ഇറങ്ങിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. എന്നാൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞത് മുതൽ തന്നെ പല കോണുകളിൽ നിന്നും സിനിമക്ക് വിമർശനങ്ങളും ഉയരുന്നുണ്ട്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഇപ്പോഴിതാ വിമർശനങ്ങൾക്കെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ചിത്രത്തിൽ മങ്ങാട്ടച്ഛന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരീഷ് പേരടി ആണ്.

സിനിമയ്ക്ക് നേരെ വരുന്ന ഡീഗ്രേഡിങ്ങ് ഒരു തരത്തിൽ നല്ലത് ആണെന്ന് പറഞ്ഞ അദ്ദേഹം സാധാരണ പ്രേക്ഷകന് ചിത്രത്തെ അമിത പ്രതീക്ഷ കൂടാതെ സമീപിക്കാൻ സാധിക്കുമെന്നും, അത് സിനിമയുടെ വിജയത്തിന് കാരണമാകും എന്നും ഹരീഷ് പേരടി പറയുന്നു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“മരക്കാറിന് മികച്ച പ്രതികരണം ലഭിക്കുന്നു എന്നതിൽ സന്തോഷം. പ്രത്യേകിച്ച് മങ്ങാട്ടച്ഛന്‍ എന്ന എന്റെ കഥാപാത്രത്തെ സ്വീകരിച്ചു എന്നതിൽ അതിയായ സന്തോഷം. ഒരു പരിധി വരെ ഡീഗ്രേഡ് ചെയ്യപ്പെടുന്നത് നല്ലത് ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മനപൂർവം ഇങ്ങനെ ചെയ്യുമ്പോൾ സാധാരണ പ്രേക്ഷകൻ അമിത പ്രതീക്ഷ ഇല്ലാതെ തന്നെ പോവുകയും പടം കഴിഞ്ഞു പൂർണ്ണ സംതൃപ്തിയോടെ ഇറങ്ങുകയും ചെയ്യും. അത് സിനിമയുടെ വിജയത്തിന് കാരണമാകും.

തുടക്കം മുതൽ തന്നെ ഈ സിനിമയുടെ സംവിധായകൻ പ്രിയദർശൻ പറഞ്ഞിട്ടുണ്ട് സിനിമ 30 ശതമാനം ചരിത്രവും 70 ശതമാനം തന്റെ ഭാവനയുമാണ് എന്ന്. എന്നാൽ കുഞ്ഞാലി മരയ്ക്കാറുമായി ബന്ധപ്പെട്ട എല്ലാ ചരിത്ര പുസ്തകങ്ങളും നാടകങ്ങളും എല്ലാം അദ്ദേഹം വായിച്ചിരുന്നു. ആ കണക്കിന് നോക്കുമ്പോൾ ചരിത്രത്തോടും കലയോടും സിനിമ നീതി പുലർത്തുന്നു.” ഹരീഷ് പേരടി പറഞ്ഞു.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്.

മോഹൻലാലിനൊപ്പം മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍,ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.

cinema pranthan