Cinemapranthan

‘അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ!’; വൈറലായി ‘ഷിബുവും ഉഷയും’ കണ്ടുമുട്ടിയ ചിത്രം

ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും ഷിബുവിന്റെ കാമുകിയായി അഭിനയിച്ച ഷെല്ലിയും കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് സമൂഹ മാധ്യമത്തിൽ ചർച്ചയായിരിക്കുന്നത്

‘മിന്നൽ’ തരംഗം അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരുകയാണ്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ വൻ വിജയമായി തുടരുമ്പോഴും ചിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് അതിലെ വില്ലനായ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ പ്രകടനത്തെക്കുറിച്ചാണ്. പ്രേക്ഷകരുടെ ഹൃദയം തൊട്ട, കണ്ണ് നനയിച്ച വില്ലനും അയാളുടെ പ്രണയവും ആരാധകർ ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ ചർച്ചയായിരിക്കുന്നത് ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും ഷിബുവിന്റെ കാമുകിയായി അഭിനയിച്ച ഷെല്ലിയും കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം നടൻ അജു വർഗീസാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന അടിക്കുറിപ്പോടെയാണ്‌ അജു വർഗീസ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. പോസ്റ്റ് ചെയ്തതിനു പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. യഥാർത്ഥ ഹിറോയും ഹീറോയിനും, 28 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞു’ തുടങ്ങിയ കമന്റുകൾ ആണ് പോസ്റ്റിനു താഴെ വരുന്നത്.

ഡിസംബർ 24 നു നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ് 10 ൽ ഒന്നാമതായി തുടരുന്ന ‘മിന്നൽ മുരളി’ ഇപ്പോൾ ബ്രസീല്‍, അര്‍ജന്‍റീനയടക്കം 30 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ഇടം പിടിച്ചു കഴിഞ്ഞു. ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ കാലയളവിൽ ആണ് ‘മുരളി’ ഈ നേട്ടം കൈവരിക്കുന്നത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് നെറ്റ്ഫ്ലിക്സിൽ ‘ മിന്നല്‍ മുരളി’ നേടിയിരിക്കുന്നത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ‘മിന്നൽ മുരളി’ക്കു ഒടിടി’യിലൂടെ റിലീസിനെത്തിയ മറ്റൊരു മലയാള ചിത്രത്തിനും കിട്ടാത്ത ഹൈപ്പായിരുന്നു ലഭിച്ചത്. പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയ ചിത്രത്തിന്റെ വരവേൽപ്പുകൾ പക്ഷേ തെറ്റിയില്ല. മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ‘മിന്നൽ മുരളി’ നേടിയത്. ‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘മിന്നൽ മുരളി’ ടൊവിനോയുടെ കരിയർ ബെസ്റ്റ് ചിത്രമായി മാറിയിരിക്കുകയാണ്.

ടോവിനോക്കൊപ്പം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഡിസംബർ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസിനെത്തിയ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങിയത്.

cinema pranthan