Cinemapranthan

‘തെറിവിളികൾക്കപ്പുറമുള്ള സിനിമയെ കാണാൻ ശ്രമിക്കൂ’; ഗീതി സംഗീത

റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്

ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘ചുരുളി’ വളരെയേറെ വിമർശനങ്ങളാണ്‌ ഏറ്റുവാങ്ങിയത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ചർച്ചകൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ വിവാദങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഗീതി സംഗീത. ചുരുളിയില്‍ പെങ്ങൾ തങ്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗീതി സംഗീത ആയിരുന്നു.

സിനിമയുടെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് ആളുകള്‍ ചിത്രത്തെ വിമര്‍ശിക്കുന്നതെന്നും, തെറി മാറ്റി നിര്‍ത്തി സിനിമ കാണാനും അതിലൂടെ മറ്റെന്തെങ്കിലും കാണാന്‍ പറ്റട്ടെയെന്നും ആഗ്രഹിക്കുന്നു. എന്ന് ഗീതി സംഗീത പറയുന്നു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

സിനിമയിലെ തെറി വിളികളെക്കുറിച്ച് മാത്രം സംസാരിക്കാതെ ആ ചിത്രം മുന്നോട്ടുവെക്കുന്ന ആശയം, സംവിധാനം, സൗണ്ട് എഫക്റ്റ്, ഛായാഗ്രഹണം, അഭിനയം ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങളുണ്ടെന്നും പറഞ്ഞ ഗീതി സംഗീതി ,ചുരുളി തീയേറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രമായിരുന്നു എന്നും കൂട്ടി ചേർത്തു. തീയേറ്ററിലേക്ക് വന്നിരുന്നുവെങ്കില്‍ എഡിറ്റോ ബീപ് ശബ്ദമോ ചിത്രത്തില്‍ ഉണ്ടായിരിക്കാം ഗീതി പറയുന്നു.

ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾ തന്നെ പെങ്ങൾ തങ്കയെന്ന കഥാപാത്രത്തിനും, കഥാപാത്രത്തിന്റെ ശബ്ദത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സോണി ലിവിലൂടെ ആണ് ചുരുളി റിലീസ് ചെയ്തത്.

19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് ഹരീഷും അതിമനോഹര ചിത്രങ്ങൾ പകർത്തിയത് മധു നീലകണ്ഢനുമാണ്. ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, ഗീതി സംഗീത, ജാഫർ ഇടുക്കി തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തുന്നു. മൂവി മൊണാസ്ട്രിയും ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.

cinema pranthan