Cinemapranthan

‘മരക്കാർ’ ടീസർ പങ്കുവച്ച് മോഹൻലാൽ; ‘ഐതിഹാസികമെന്ന്’ കമന്റ് ചെയ്ത് സാക്ഷാൽ ഫേസ്ബുക് !

ഇതാദ്യമായാണ് ഫേസ്ബുക്ക് ഇത്തരത്തില്‍ കമന്റ് ചെയ്യുന്നത് എന്നാണ് സൂചന

സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ടീസർ മോഹൻലാൽ തന്റെ ഫേസ്ബുക് പേജിൽ പങ്ക് വെച്ചിരുന്നു. പങ്ക് വെച്ച് നിമിഷങ്ങൾക്കകം തന്നെ ടീസർ വൈറലായിരുന്നു.

മോഹന്‍ലാല്‍ തന്റെ പേജില്‍ പങ്കുവച്ച ട്രെയ്‌ലറിന് നിരവധി കമന്റുകൾ ആണ് വന്നത്. എന്നാൽ കമന്റുകളിൽ അമ്പരിപ്പിച്ചിരിക്കുന്നത് സാക്ഷാൽ ഫേസ്ബുക്കിന്റേത് ആണ്. ‘ഐതിഹാസികമായ ടീസര്‍’ എന്നാണ് ഫേസ്ബുക് മോഹൻലാലിന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഫെയ്സ്ബുക്ക് ആപ്പിന്റെ ഔദ്യോഗിക ഐഡിയിൽ നിന്നാണ് ആ കമന്റ് വന്നിരിക്കുന്നത്. ഇതാദ്യമായാണ് ഫേസ്ബുക്ക് ഇത്തരത്തില്‍ കമന്റ് ചെയ്യുന്നത് എന്നാണ് സൂചന.

റിലീസായി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പത്ത്‌ ലക്ഷത്തിലധികം പേരാണ് ടീസർ കണ്ടിരിക്കുന്നത്. നൂറുകോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് പറയുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.

മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. ‘ഒപ്പം’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടുമൊന്നിക്കുന്ന ചിത്രം ആണ് ‘മരക്കാർ’.

ഡിസംബര്‍ 2 നു റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശൻ ആണ്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

cinema pranthan