Cinemapranthan

50 കോടി ക്ലബ്ബിലെത്തി ‘കുറുപ്പ്’; നന്ദിയും സന്തോഷവും പങ്ക് വെച്ച് ദുൽഖർ

സമൂഹ മാധ്യമങ്ങളിലൂടെയാണ് ദുൽഖർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്

ഒരിടവേളക്ക് ശേഷം തിയറ്റർ തുറന്ന് എത്തിയ ചിത്രങ്ങളിൽ പ്രേക്ഷകരെ ആവേശത്തിലാക്കിയ ചിത്രമാണ് ‘കുറുപ്പ്’. കോവിഡ് പ്രതിസന്ധിയിൽ തളർന്ന് നിന്ന തിയറ്ററുകൾക്ക് വലിയൊരാശ്വാസം ആയി എത്തിയ ചിത്രമായിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ്. ഇപ്പോഴിതാ ചിത്രം 50 കോടി ക്ലബ്ബിലെത്തിയിരിക്കുന്നതിന്റെ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് ദുൽഖർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ദുൽഖർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

”ഇത് ഒരു വലിയ്യ്‌ കാര്യം തന്നെ. എനിക്കിത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, അനിശ്ചിതത്വത്തിന്റെയും ആശങ്കകളുടേയും എണ്ണമറ്റ നിമിഷങ്ങളും സമ്മർദ്ദവും എല്ലാം ഫലം കണ്ടു. എല്ലാവർക്കും നന്ദി. ഞങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ചതിന് നന്ദി. ഇത് എന്റേത് മാത്രമല്ല മുഴുവൻ ടീമിന്റെയും വിജയമാണ്. കൂടുതൽ സിനിമകൾ തിയേറ്ററുകളിലേക്ക് എത്തട്ടെ”. ദുൽഖർ കുറിച്ചു

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘കുറുപ്പ് സംവിധാനം ചെയ്യ്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. ജിതിന്‍ കെ ജോസ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. മൂത്തോന്‍ എന്ന ചിത്രത്തിലൂടെയാണ് ശോഭിത മലയാള സിനിമയിലേക്ക് എത്തുന്നത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

സുഷിന്‍ ശ്യാം ആണ് ‘കുറുപ്പ്’ലെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി. എഡിറ്റിംഗ് ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ്.

cinema pranthan