Cinemapranthan

‘എന്നെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ച നടൻ’; ഇന്ദ്രൻസിനെക്കുറിച്ച് വിനയൻ

ഇന്ദ്രൻസിനെ കുറിച്ച് വിനയൻ പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളുടെ ഇപ്പോൾ ശ്രദ്ധ നേടുകയാണ്

മികച്ച കഥാപാത്രങ്ങളിലൂടെ ജനങ്ങളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് ഇന്ദ്രൻസ്. ഹാസ്യം മാത്രമല്ല എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ഇന്ദ്രൻസിന്റെ കൈയ്യിൽ ഭദ്രമാണെന്ന് ഉറപ്പാണ്. ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളിലൂടെ ഇന്ദ്രൻസ് അത് തെളിയിച്ചു കൊണ്ടിരിക്കുന്നു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും സ്വന്തമാക്കിയ ഇന്ദ്രൻസ് മലയാളത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഘടകം ആണ്.

ഇപ്പോഴിതാ തന്നെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ച നടനാണ് ഇന്ദ്രൻസ് എന്ന് പറയുകയാണ് സംവിധായകൻ വിനയൻ. തന്റെ ഫേസ്ബുക് കുറിപ്പിലാണ് വിനയൻ ഇക്കാര്യം പറയുന്നത്. ഇന്ദ്രൻസിനെ കുറിച്ച് വിനയൻ പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളുടെ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

“എന്നെ അതിശയിപ്പിച്ച ഇന്ദ്രൻസ്…..
പത്തൊൻപതാം നൂറ്റാണ്ടിലെ അധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു എന്നു പറഞ്ഞാൽ അതിശയോക്തി ആകില്ല..
മലയാളസിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഒരു ചെറുപ്പക്കാരൻ വർഷങ്ങൾക്കു ശേഷം അന്താരാഷ്ട്ര വേദികളിൽ നമ്മുടെ യശ്ലസ്സുയർത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്ച അഭിമാനത്തോടെ നാം കണ്ടു നിന്നു..

കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി സംശുദ്ധനായ ഈ കലാകാരനെ എനിക്കറിയാം.. എൻെറ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തിൽ ആരെയും ചിരിപ്പിക്കുന്ന കോമഡി വേഷമായിരുന്നു ഇന്ദ്രൻസ് ചെയ്തത്.. അതിനു ശേഷം വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ കലാഭവൻ മണി ചെയ്ത രാമു എന്നകഥാപാത്രത്തിൻെറ സുഹൃത്തായ ഉണ്ണിബാലനെ ഇന്ദ്രൻസ് അവതരിപ്പിക്കുന്നതു കണ്ടപ്പോൾ വളരെ വ്യത്യസ്ഥമായ,സീരിയസ്സായ കഥാപാത്രങ്ങൾ ഇന്ദ്രനു ചെയ്യാൻ കഴിയുമെന്നു ഞാൻ പറഞ്ഞിരുന്നു..

എങ്കിൽ കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാർ ഉണ്ടാക്കുമോ എന്നെന്നോടു ചോദിച്ച ഇന്ദ്രൻെറ മുഖത്തു തെളിഞ്ഞ അഭിനയത്തോടുള്ള അഭിനിവേശം ഞാനിപ്പഴും ഒാർക്കുന്നു.. എൻെറ കൂടെ അല്ലങ്കിലും ഇന്ദ്രൻസ് ആ സ്വപ്നം സാക്ഷാത്കരിച്ചു.. അഭിനയകലയുടെ നിറുകയിൽ എത്തി..
രാക്ഷസ രാജാവിലെ കൊച്ചു കുട്ടനും, ഊമപ്പെണ്ണിലെ മാധവനും മീരയുടെ ദുഖത്തിലെ ചന്ദ്രനും അത്ഭുതദ്വീപിലെ നേവി ഒാഫീസറും ഒക്കെ ആയി എൻെറ പത്തു പതിന്നാലു സിനിമകളിൽ അഭിനയിച്ച ഇന്ദ്രൻസുമായി ഒരു ഇടവേളക്കു ശേഷമാണ് പത്തൊൻപതാം നൂറ്റാണ്ടിൽ സഹകരിക്കാൻ സാധിച്ചത്..

ജാതി വിവേചനത്തിൻെറ ആ പഴയ നാളുകളിൽ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന അധസ്ഥിരിൽ ഒരാളായി
ഇന്ദ്രൻസ് ജീവിക്കുന്നതു കണ്ടപ്പോൾ ഷൂട്ടിംങ്ങ് ആണന്നുള്ള കാര്യം പോലും മറന്ന് ചുറ്റും നിന്ന ചലച്ചിത്ര പ്രവർത്തകരുടെ കണ്ണു നിറഞ്ഞു.. വലിയ ക്യാൻവാസിൽ ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചരിത്ര സിനിമയിൽ മണ്ണിൻെറ മണമുള്ള ജീവിതഗന്ധിയായ കഥയും കഥാ പാത്രങ്ങളുമാണ് ഉള്ളത്.. അക്കാര്യത്തിൽ ഒട്ടും കോംപ്രമൈസ് ചെയ്തിട്ടില്ല ഞങ്ങൾ… ഇന്ദ്രൻസിനെ പോലുള്ള അഭിനേതാക്കൾ ആ ഉദ്യമത്തിനെ ഏറെ സഹായിച്ചു..”

cinema pranthan