Cinemapranthan

റിലീസ് ചെയ്തിട്ട് 10 വർഷം; ‘ഡാം 999’ ന് പ്രദർശനാനുമതി നൽകാതെ തമിഴ്നാട്

സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ചിത്രം തമിഴ്നാട്ടിൽ പ്രദർശിപ്പിച്ചിട്ടില്ല

റിലീസ് ചെയ്ത് 10 വർഷം പിന്നിട്ടിട്ടും വിലക്കിൽ നിന്നും മുക്തിയില്ലാതെ ചിത്രം ‘ഡാം 999’. മുല്ലപ്പെരിയാർ അണക്കെട്ട് വിവാദത്തിൽപ്പെട്ടതിനെ തുടർന്നാണ് ചിത്രത്തിന് വിലക്ക് ലഭിച്ചത്. ഇപ്പോൾ 10 വർഷം പിന്നിടുമ്പോഴും ഈ ചിത്രത്തിന് തമിഴ് നാട്ടിൽ വിലക്ക് നീട്ടിയിരിക്കുകയാണ്‌. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ചിത്രം അവിടെ പ്രദർശിപ്പിച്ചിട്ടില്ല. ഈ വർഷം സെപ്റ്റംബർ വരെയായിരുന്നു വിലക്ക് കാലാവധി നിശ്ചയിച്ചിരുന്നത് ഇപ്പോൾ വീണ്ടും പുതുക്കി കൊണ്ടാണ് തമിഴ്നാട് ഗവൺമെന്റ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവധി കഴിയുന്നതിന് അനുസൃതം നിരോധനം നീട്ടിവെക്കുന്നത് വളരെ ദുഖകരമായ കാര്യമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഡോ. സോഹൻ റോയ് പറഞ്ഞു.

സോഹൻ റോയുടെ വാക്കുകൾ

‘രണ്ടായിരത്തി പതിനൊന്നിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം തുടരുന്നത്. വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാർ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘർഷങ്ങൾ അന്ന് ഉണ്ടായി . തുടർന്ന് ചിത്രത്തിന്റെ പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക, പ്രദർശിപ്പിക്കാൻ മുന്നോട്ടുവന്ന തീയേറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ഇപ്പോൾ സിനിമയുടെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദർശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണ്’

അന്തർദേശീയ തലത്തിൽ വളരെയേറെ ശ്രദ്ധ നേടുകയും ചർച്ചാ വിഷയമാകുകയും ചെയ്ത ചിത്രമാണ് ഡാം 999. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട് ക്യാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. അതേസമയം ചൈനീസ് ഓസ്‌കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഇത്. ഇതോടൊപ്പം, ഓസ്‌കാർ അക്കാദമി ലൈബ്രറിയിലെ ‘പെർമെനന്റ് കോർ കളക്ഷനിലേക്ക് ‘ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ പത്താം വാർഷിക നിറവിൽ നിൽക്കുമ്പോൾ വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ ഈ ചിത്രത്തിന്റെ രസകരമായ അനുഭവങ്ങൾ പുതുക്കുന്ന ജോലിയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. ഹോളിവുഡ് താരം ജോഷ്വാ ഫ്രെഡ്‌റിക്ക് സ്മിത്ത്, പ്രശസ്ത ഗായിക കെ എസ് ചിത്ര, പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പത്മശ്രീ പുരസ്‌കാരം ലഭിച്ച പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ തോട്ടത്തരണി, ചിത്രത്തിന്റെ ക്യാമറാവിഭാഗം കൈകാര്യം ചെയ്ത പ്രശസ്ത സിനിമാട്ടോഗ്രാഫർ അജയൻ വിൻസെന്റ്,മേക്കപ്പ് വിദഗ്ധൻ പട്ടണം റഷീദ് മുതലായവർ ചിത്രത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഓർമകൾ പങ്കുവച്ചു.

cp-webdesk