Cinemapranthan

‘കാമം, വയലൻസ് എല്ലാം പച്ചക്കുള്ള മനുഷ്യമനസ്സിന്റെ അടിത്തട്ടിലേക്കുള്ള ആസിഡ് ട്രിപ്പാണ് ‘ചുരുളി’; ശ്രദ്ധേയമായി കുറിപ്പ്

സൈക്കാട്രിസ്റ്റ് ആയ തോമസ് റാഹേൽ മത്തായി എഴുതിയ കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’. ചുരുളിയിലെ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന തെറി പ്രയോഗങ്ങൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ചർച്ച വിഷയമായിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തുന്ന ചർച്ചകൾക്കിടയിൽ ‘ചുരുളി’ എന്ന ചിത്രത്തെക്കുറിച്ച് സൈക്കാട്രിസ്റ്റ് ആയ തോമസ് റാഹേൽ മത്തായി എഴുതിയ കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തോമസ് റാഹേൽ മത്തായിയുടെ കുറിപ്പ് വായിക്കാം

“ചുരുളി കണ്ടു. ഇത് സിനിമയുടെ റിവ്യൂ അല്ലാ. എന്റെ അഭിപ്രായം അത്ര പ്രാധാന്യം അർഹിക്കുന്നുവെന്ന് കരുതുന്നില്ലാ. പക്ഷേ സിനിമയെ സംബന്ധിക്കുന്ന വിമർശനങ്ങളെ കുറിച്ച് രണ്ട് വാക്ക് പറയട്ടേ.

സിനിമ എന്ത് കൊണ്ടാണ് ഇത്രയും പോപ്പുലറായ ഒരു കലാരൂപം ആയതെന്ന് ചിന്തിച്ചിട്ടുണ്ടോ. സിനിമ പൂർണ്ണമായ perceptual experience ആണ് നമ്മൾക്ക് തരുന്നത്. ഇരുണ്ട ഹാളിൽ, ബാക്കിയെല്ലാ distractionsഉം പുറത്ത് വച്ച് സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ, നമ്മൾ ആ ലോകത്തേക്ക് തന്നെ ടെലിപോർട്ട്ഡ് ആവുന്നില്ലേ. കഥാപാത്രങ്ങൾക്കൊപ്പം കരയുന്നു ചിരിക്കുന്നു, അങ്ങനെ നോക്കിയാൽ, reel world is sometimes more real than real world. ഇതാണ് സിനിമയുടെ പവർ. കാഴ്ചയിലൂടെ ശബ്ദത്തിലൂടെ മനുഷ്യൻ അനുഭവിക്കുന്ന കോംപ്ലെക്‌സായ എന്തും, സിനിമയിലൂടെ റീക്രിയേറ്റ് ചെയ്ത് അവന്റെ തലയിലേക്ക് ഡെലിവർ ചെയ്യാൻ അതിന് പറ്റും. നമ്മുടെ വളരെ മൈന്യൂട് ആയ emotional/cognitive scapes വരെ അത് സിമുലേറ്റ് ചെയ്യുന്നു, ഉണർത്തി വിടുന്നു.

എന്നാൽ സിനിമ അതിന്റെ യഥാർത്ഥ പൊട്ടൻഷ്യൽ ഇപ്പോൾ കൈ വരിച്ചിട്ടുണ്ടോ. ഒരിക്കലും ഇല്ലാ. കാരണം സിനിമ ഒരു ബിസിനസ്സാണ്. ഇറക്കിയ കാശ് തിരിച്ചു പിടിക്കുക എന്നതാണ് അതിന്റെ ധർമ്മം. അത് കൊണ്ടാണ് ആദ്യ കാലം തൊട്ടേ ‘നരേറ്റിവ്’ സ്പൂൺ ഫീഡ് ചെയ്യുന്ന ഒരു മീഡിയമായി സിനിമ പൊങ്ങി വന്നത്. ഹോളിവുഡ് ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. റിസ്ക് എടുത്താൽ പൈസ തിരിച്ച് കിട്ടുന്ന കാര്യം സംശയമാണ്, അത് കൊണ്ട് ‘നാടകം’ ഭംഗി ആയിട്ട് ഷൂട്ട് ചെയ്ത് വായിൽ വെച്ച് തരുന്നതിനെ സിനിമ എന്ന് വിളിച്ചു വരുന്നു, അത്രേ ഉള്ളൂ.

ഈ കഥ വായിൽ വച്ച് തരുന്നതിനോട് നാം ഓരോരുത്തരും അഡിക്ടഡാണ്. നമ്മൾ കണ്ണ് കൊണ്ടല്ലാ, തല കൊണ്ടാണ് പടം കാണുന്നത്. ഇത് വ്യക്തമാകണമെങ്കിൽ screenwriting workshopsൽ പങ്കെടുത്താൽ മതിയാവും. ഓഡിയൻസ് ചിന്തിക്കുന്നതിനനുസരിച്ച് എങ്ങനെ തിരക്കഥ ഡെവലപ് ചെയ്യണം എന്നതാണ് അവിടെ പ്രധാന ചർച്ച. ഹോ കഥ എന്താവും, ഈ സീൻ എന്താ ഇങ്ങനെ, ഇത് മാത്രമാണ് നമ്മൾ ഓരോ സെക്കൻഡും ‘ചിന്തിക്കുന്നത്’. അല്ലാതെ നമ്മൾ കണ്ണ് തുറന്ന് ‘കാണുന്നില്ലാ’. It’s so sad that we can’t, കാരണം ശരിക്കും സിനിമ തുടങ്ങുന്നത് നാം കണ്ട് തുടങ്ങുമ്പോളാണ്. കല അനുഭവിക്കാനുള്ളതാണ്, ചിന്ത വേണ്ടാ എന്നല്ലാ, പക്ഷേ അത് സെക്കണ്ടറിയാണവിടെ.

മനുഷ്യന്റെ psyche വളരെ കോംപ്ലെക്‌സാണ്. അത് ഒരു കലാ മാധ്യമം അഡ്രസ് ചെയ്ത് തുടങ്ങുമ്പോൾ, ആ കോംപ്ലെക്‌സിറ്റി ആ വർക്കിലും പ്രതിഫലിക്കും. അല്ലാതെ പറ്റില്ലാ. അതും അനുഭവിക്കാനേ പറ്റുള്ളൂ, വാക്കുകളിലേക്ക് പകർത്തലോ, കഥയായി പറഞ്ഞ് മനസ്സിലാക്കലോ നടക്കില്ലാ. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകൾ പ്രതിപാദിക്കാൻ ഭാഷ അപര്യാപ്‌തമല്ലേ.

ചുരുളി, ഫ്രോയിഡിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘Id’ലേക്കുള്ള ഒരു ആസിഡ് ട്രിപ്പാണ്. അതിന് കാടിനെക്കാളും നല്ല മെറ്റഫർ വേറെ ഉണ്ടോ എന്നത് സംശയമാണ്. Id എന്ന് പറഞ്ഞാൽ മനുഷ്യമനസ്സിന്റെ അടിത്തട്ടാണെന്നാണ് സങ്കല്പം. കാമം, വയലൻസ്, എന്താണേലും, പച്ചയ്ക്കാണവിടെ. യാതൊരു മറയുമില്ലാ, മെരുങ്ങീട്ടില്ലാ. ചീഞ്ഞതും അളിഞ്ഞ് പുളഞ്ഞതുമെല്ലാം അവിടെ അത് പോലെ കാണാം. വന്യമൃഗങ്ങൾ, മിത്തുകൾ നിറഞ്ഞ collective unconscious, ഭ്രമിപ്പിക്കുന്ന സ്വപ്ന കാഴ്ചകൾ, എല്ലാം അവിടുണ്ട്. Idൽ കിടക്കുന്നതിൽ സംസ്കരിച്ച് വെടിപ്പാക്കിയവ മാത്രമേ മനുഷ്യന്റെ പെരുമാറ്റത്തിലും ബോധമണ്ഡലത്തിലും പ്രത്യക്ഷമാകുകയുള്ളൂ.

പടത്തിൽ കാണുന്ന അറയ്ക്കുന്ന തെറിവിളിയും പച്ചയ്ക്ക് പറയുന്ന വയലൻസും ശ്രദ്ധിക്കുക, വളഞ്ഞു പുളഞ്ഞു ദീർഘ ദൂരം ഉള്ളിലേക്ക് സഞ്ചരിച്ച്, പാലം കടന്നതിന് ശേഷം മാത്രമാണ് അവ തുടങ്ങുന്നത്. Child sexual abuseനെ കുറിച്ചുളള റെഫെറൻസ് പോലും സംവിധായകൻ dilute ചെയ്യാതെ അവതരിപ്പിക്കുന്നു. കാരണം അതും മനുഷ്യമനസ്സിന്റെ ഉള്ളിൽ നിന്ന് തന്നെയാണ് വരുന്നത്, ഉറവിടം അവിടുന്ന് തന്നെ, we can’t deny it.

അല്ലാതെ ഇതിനെയൊന്നും ഗ്ലോറിഫൈ ചെയ്യുന്നതായി തോന്നിയില്ല. അതായത്, കസബ സിനിമയിൽ ഹീറോ ആയ മമ്മൂട്ടി സമ്മതമില്ലാതെ ഒരു സ്ത്രീയുടെ പാന്റസിൽ കേറി പിടിക്കുന്നത് ഒരു ഹീറോയിക് ആക്ട് ആയിട്ട് കാണിക്കുമ്പോൾ അത് ഗ്ലോറിഫിക്കേഷനാണ്, അത് തെറ്റാണ്. ഇവിടെ അങ്ങനല്ലാ, സിനിമ എന്ന ആർട് ഫോം മനുഷ്യന്റെ വൃത്തികേടിലേക്ക് ഒരു കണ്ണാടി തിരിച്ചു വെയ്ക്കുന്നു. That’s what art is about, പോപ്പുലർ ആണെങ്കിലും സിനിമയും ആർട് അല്ലേ, അത് സെൻസർ ചെയ്യുന്നതിനോട് യോജിപ്പില്ലാ.

ഇനി, ഈ വൃത്തികേടെല്ലാം മനുഷ്യന്മാർ ചെയ്യുന്നതാണോ എന്ന് നിങ്ങൾ സംശയിച്ചു നിന്നിട്ടുണ്ടെങ്കിൽ, ഈ ചിന്തകളെല്ലാം disown ചെയ്യുന്നെങ്കിൽ, അത് മനസ്സിന്റെ defense mechanism ആണ്. അതും സംവിധായകൻ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നുണ്ട് സിനിമയിൽ. ഇവയെല്ലാം മനുഷ്യന്റെ ഉള്ളിൽ നിന്ന് വരുന്ന ചിന്തകളല്ലാ, മാടൻ തലയിൽ കേറുന്നതാണ്, അല്ലെങ്കിൽ അന്യഗ്രഹജീവികളുടെ സ്വാധീനമാണ് എന്നൊരു ധ്വനി നൈസായി ഇടയ്ക്കൂടെ മെനഞ്ഞിട്ടിരിക്കുന്നു.

ചുരുളി എന്ന ‘വിഷ്വൽ’ നിർമ്മിക്കുന്നതിൽ മധു ചേട്ടന്റെ (മധു നീലകണ്ഠൻ) ക്യാമറ വർക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബോർഹസിന്റെ വൈതരിണികൾ പോലെ കുഴഞ്ഞു മറഞ്ഞു കിടക്കുന്ന, എപ്പോഴും മഞ്ഞും ഈർപ്പവും തൊട്ടെടുക്കാവുന്ന തരത്തിൽ കാട് നമുക്ക് അനുഭവപ്പെടുന്നു. അതിനോടൊപ്പം ഷാപ്പിൽ നിന്ന് വരുന്ന മഞ്ഞ വെളിച്ചം, മിന്നാമിന്നികൾ, എല്ലാം കൂടെ സൈക്ക്ഡെലിക് എഫക്ട്! Idലെ മാടന്മാരെ തപ്പിയിറങ്ങിയ, super ego അയച്ച തിരുമേനിയെയും പോലീസുകാരെയും Id പല രീതിയിൽ പറഞ്ഞ് വഴിതെറ്റിച്ചു, അതിന്റെയുള്ളിൽ തന്നെ കുരുക്കിയിടുന്നു. കൊള്ളാം ല്ലേ.

LJPde ഹാർഡ്കോർ ഫാനായിട്ടല്ലാ. ഒരു പടത്തെ വിമർശിക്കുമ്പോൾ, മിനിമം അത് എന്താണ് സംഭവം എന്നൊരു ധാരണ വേണമെന്ന് കരുതി.”

cinema pranthan