Cinemapranthan

‘സിനിമ എന്നത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആണ്; ‘ചുരുളിയിൽ’ പ്രഥമ ദൃഷ്ട്യാ നിയമലംഘനം നടന്നിട്ടില്ല: ഹൈക്കോടതി

സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് അറിയിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി

സിനിമ എന്നത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആണ്, അതിൽ കൈ കടത്താൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ നൽകിയ ഹർജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. ‘ചുരുളി’യിൽ നിയമ ലംഘനം നടന്നിട്ടില്ല എന്ന് അറിയിച്ച കോടതി വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക? എന്നും ചോദിച്ചു.

സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ, പ്രഥമ ദൃഷ്ട്യാ ക്രിമിനൽ കുറ്റം നന്നതായി തോന്നുന്നില്ലന്നും കോടതി വ്യക്തമാക്കി.

സിനിമക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമം ലംഘിച്ചെന്നാണ് ഹർജിക്കാർ ആരോപിച്ചത്. എന്നാൽ സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തതെന്നും അത് കൊണ്ട് തന്നെ ആരെയും സിനിമ നിർബന്ധിച്ച് കാണിക്കുന്നില്ല എന്നും വിലയിരുത്തിയ കോടതി സിനിമയുടെ പ്രമേയത്തെക്കുറിച്ചല്ല പകരം ചില രംഗങ്ങളെ കുറിച്ച് മാത്രമാണ് പരാതിയെന്നും ചൂണ്ടിക്കാട്ടി.

അതേസമയം സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് അറിയിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു. ജസ്റ്റിസ് എൻ. നാഗേഷ് ആണ് ഹർജി പരിഗണിക്കുന്നത്.

cinema pranthan