Cinemapranthan

അമേരിക്കൻ മ്യൂസിക് അവാർഡ്; ‘ബി ടി എസ്’, ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍; ‘ബട്ടർ’ന് ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങൾ

ആദ്യമായാണ് ഒരു ഏഷ്യന്‍ ബാന്‍ഡിന് ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ലഭിക്കുന്നത്

49മത് അമേരിക്കൻ മ്യൂസിക് അവാർഡ് (AMA ) 2021-ൽ ‘ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍’ ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി ബി ടി എസ്. അമേരിക്കൻ മ്യൂസിക് പുരസ്കാര ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ബാന്‍ഡിന് ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ലഭിക്കുന്നത്. ബി ടി എസ് അവതരിപ്പിച്ച ‘ബട്ടർ’ എന്ന ഗാനത്തിന് ഈ വർഷത്തെ ഏറ്റവും പ്രിയപ്പെട്ട പോപ്പ് ഗാനത്തിനുള്ള അവാർഡ്, മികച്ച ആർട്ടിസ്റ്റ്, ഏറ്റവും പ്രിയപ്പെട്ട പോപ്പ് ഗ്രൂപ്പിനുള്ള അവാർഡ് എന്നിവയാണ് ഈ ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് നേടിയത്. നാമനിര്‍ദേശം ചെയ്ത മൂന്ന് പുരസ്കാരങ്ങളും ബി.ടി.എസിന് ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പ്രിയപ്പെട്ട പോപ്പ് ഗ്രൂപ്പിനുള്ള പുരസ്കാരം ബി.ടി.എസ് നേടുന്നത്.

അവാർഡ് നേട്ടം ഇക്കുറിയും പതിവ് പോലെ തങ്ങളുടെ ആർമിക്ക് സമർപ്പിച്ചു കൊണ്ടാണ് ബി ടി എസ് നന്ദി അറിയിച്ചത്. “AMAs-ൽ ഞങ്ങൾ ഈ വർഷത്തെ ആർട്ടിസ്റ്റ്, പ്രിയപ്പെട്ട പോപ്പ് ഗാനം, പ്രിയപ്പെട്ട പോപ്പ് ഗ്രൂപ്പ് എന്നീ അവാർഡുകൾ നേടി! ഞങ്ങളുടെ സംഗീതത്തെ പിന്തുണച്ച എല്ലാവർക്കും പ്രത്യേകിച്ച് ബി ടി എസ് ആർമിക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു! ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു..” ബി ടി എസ് ട്വിറ്ററിൽ കുറിച്ചു.

നിരവധി ബിടിഎസ് ആരാധകർ ആണ് പോസ്റ്റിന് കമന്റ് ചെയ്യുകയും ബാൻഡിനെ അഭിനന്ദിക്കുകയും ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. “അർഹരായ രാജാക്കന്മാരെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു” എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്‌തിരിക്കുന്നത്‌.

ഗായിക മേഗൻ തീ സ്റ്റാലിയനും ബാൻഡിനൊപ്പം ഗാനം അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് തനിക്ക് പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച മേഗൻ, ബി ടി എസിനൊപ്പം ഗാനം അവതരിപ്പിക്കാൻ താൻ ആവേശഭരിതയായി കാത്തിരിക്കുകയായിരുന്നെന്നും എന്നാൽ അതിനു കഴിയാത്തതിൽ അതിയായ ദുഃഖമുണ്ടെന്നും അവർക്കൊപ്പം പരിപാടി അവതരിപ്പിക്കാൻ തനിക്കു ഇനി കാത്തിരിക്കാനാവില്ലെന്നും ട്വീറ്റ് ചെയ്‌തു.

ലോസ് ഏഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിൽ ഞായറാഴ്ച രാത്രി നടന്ന അവാർഡ്ദാന ചടങ്ങിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സംഗീത ബാൻഡുകളാണ് ഒന്നിച്ചത്. പ്രശസ്ത സംഗീത ബാൻഡായ ‘കോൾഡ് പ്ലേ’യും ബി ടി എസും ചേർന്ന് പുറത്തിറക്കിയ ‘മൈ യൂണിവേഴ്‌സ്’ എന്ന ഗാനം സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ ആരാധകർ ആവേശം കൊണ്ട് മതിമറക്കുകയായിരുന്നു.

ഈ വർഷം ആദ്യം ആണ് ‘മൈ യൂണിവേഴ്‌സ്’ പുറത്തിറങ്ങിയത്. തുടർന്ന് ബി ടി എസ്സിന്റെ തന്നെ റെക്കോർഡുകൾ ഭേദിച്ച ‘ബട്ടർ’ ഗാനവും സംഘം അവതരിപ്പിച്ചു. ബി‌ടി‌എസിന്റെയും മേഗൻ തീ സ്റ്റാലിയന്റെയും നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന പരിപാടി റദ്ധാക്കിയതിനെ തുടർന്നാണ് കോൾഡ്‌പ്ലേക്കൊപ്പം ‘മൈ യൂണിവേഴ്‌സ്’, ബിടിഎസ് മാഷപ്പ് എന്നിവ സംഘം അവതരിപ്പിച്ചത്.

മികച്ച പുരുഷ ആര്‍ട്ടിസ്റ്റായി എഡ് ഷെറീനും വനിതാ ആര്‍ട്ടിസ്റ്റായി ടെയിലര്‍ സ്വിഫ്റ്റും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ടെയിലര്‍ സ്വിഫ്ററ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സംഗീത പുരസ്കാരം നേടുന്ന വ്യക്തിയായി.

cinema pranthan