Cinemapranthan

‘ബിയേർഡ് ഫാഷൻ ഷോ’; ‘മിസ്റ്റർ താടിക്കാരൻ’ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം

നവംബർ 20 ശനിയാഴ്ച സെന്റർ സ്‌ക്വയർ മാളിലാണ് ‘മിസ്റ്റർ താടിക്കാരൻ’ മത്സരം നടക്കുന്നത്

‘ക്ലീൻഷേവ് ദുഃഖമാണുണ്ണീ ദീക്ഷയല്ലോ സുഖപ്രദം.’ ക്ലീൻ ഷേവിനേക്കാൾ ഇന്ന് യുവതയ്ക്ക് പ്രിയം താടി വളർത്തുന്നതിനോടാണ്. പലതരത്തിൽ നീട്ടിയും കുറച്ചും വളർത്തിയ താടി ചെറുപ്പക്കാർക്കിടയിൽ ട്രെൻഡായി മാറിയിരിക്കുകയാണ്.

ഇന്ന് ലോക പുരുഷ ദിനം ആണ്. ഈ പശ്ചാത്തലത്തിൽ താടി വളർത്തുന്നത് പാഷനായി കാണുന്ന കേരളത്തിൽ ചെറുപ്പക്കാർക്ക് വേണ്ടി മിസ്റ്റർ കേരള പോലെ ‘മിസ്റ്റർ താടിക്കാരൻ’ എന്നൊരു മത്സരവും ഇന്ന് കേരളത്തിൽ നടത്തുന്നു. 2021- ലെ കേരളത്തിലെ താടിക്കാരുടെ രാജാവിനെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. നവംബർ 20 ശനിയാഴ്ച സെന്റർ സ്‌ക്വയർ മാളിലാണ് ‘മിസ്റ്റർ താടിക്കാരൻ’ മത്സരം നടക്കുന്നത്.

സെൻട്രൽ സ്‌ക്വയർ മാളിൽ നാളെ നടക്കുന്ന മത്സരം വൈകിട്ട് 5 മുതൽ 8 വരെയാണ്. മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ താടി പരിപാലനം ഉൾപ്പടെ ഉള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്. ‘ബിയേർഡ് ഫാഷൻ ഷോ’ ആയി സംഘടിപ്പിക്കുന്ന മത്സരത്തിൽ റാംപ് വാക് ഉൾപ്പടെ ഉണ്ടാവും. നേരത്തെ രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

താടിയെ സ്നേഹിക്കുന്ന ചെറുപ്പക്കാർക്ക് മുഖ്യധാരയിലേക്ക് കടന്നു വരാൻ അവസരമൊരുക്കുന്ന ‘മിസ്റ്റർ താടിക്കാരൻ’ മത്സരം, സിനിമ പ്രാന്തൻ ഓൺലൈൻ മീഡിയ, ദി മാജിക് മിറർ, കേരളാ ബിയേർഡ് സൊസൈറ്റി, സിപി സ്റ്റോറീസ് കഫേ എന്നിവർ ചേർന്നാണ് നടത്തുന്നത്.

cinema pranthan