Cinemapranthan

കടമറ്റത്തു കത്തനാരായി ബാബു ആന്റണി; ചിത്രം 3 ഡിയിൽ

വ്യത്യസ്ത രീതിയിൽ ഒരുക്കുന്ന ഹൊറർ, ഫാന്റസി സ്വാഭാവത്തിലുള്ള ചിത്രം, ത്രീഡിയുടെ പുത്തൻ സാങ്കേതിക ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്

കടമറ്റത്ത് കത്തനാരായി ബാബു ആന്റണി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം എവി പ്രൊഡക്ഷന്റെ ബാനറില്‍ എബ്രഹാം വർഗീസ് ആണ് നിർവഹിച്ചിരിക്കുത്ത്. വ്യത്യസ്ത രീതിയിൽ ഒരുക്കുന്ന ഹൊറർ, ഫാന്റസി സ്വാഭാവത്തിലുള്ള ചിത്രം, ത്രീഡിയുടെ പുത്തൻ സാങ്കേതിക ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.

പതിനെട്ടാം നൂറ്റാണ്ടു കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിലെ അവിശ്വസനീയമായ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ഷാജി നെടുംകല്ലേലും പ്രദീപ് ജി നായരുമാണ് കടമറ്റത്ത് കത്തനാരിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

2011 ഇൽ ടി എസ് സുരേഷ് ബാബു, ബാബു ആന്റണി കൂട്ടുകെട്ടിൽ പിറന്ന ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷനു ശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രമാണ് കടമറ്റത്ത് കത്തനാർ. ആ സിനിമയിൽ വളരെ ശക്തമായ കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചിരുന്നത്. കൂടാതെ അവരുടേതായി പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ, കൂടിക്കാഴ്ച്ച എന്നീ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഇക്കാരണത്താൽ നീണ്ട ഒരിടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രത്തിന് സിനിമാലോകവും പ്രേക്ഷകരും വളരെ ആകാംഷയിടെയാണ് കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം യു.കെ. സെന്തില്‍ കുമാറും, എഡിറ്റിങ് കപില്‍ കൃഷ്ണയും, കലാസംവിധാനം ബോബനാണു നിർവഹിച്ചിരിക്കുന്നത്.

അതേസമയം, ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാര്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ നടന്നിരുന്നു. 75 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി വിര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

cinema pranthan