Cinemapranthan

‘ഒരു യാത്രയിലും മോഹനാമ്മയെ ഒറ്റയ്ക്കാക്കാത്ത വിജയേട്ടൻ’; ഹൃദയം തൊടുന്ന കുറിപ്പുമായി സംവിധായിക ബബിത മാത്യു

എറണാകുളത്ത് ചായക്കട നടത്തി ലഭിച്ച വരുമാനം കൊണ്ടാണ് വിജയൻ തന്റെ ഭാര്യക്കൊപ്പം ലോകസഞ്ചാരം നടത്തിയത്

ചായക്കട നടത്തി ലഭിച്ച പണം കൊണ്ട് ഭാര്യക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ച എഴുപത്തിയൊന്നുകാരനായ കെ ആർ വിജയൻ ഓർമ്മകളിലേക്ക് മറഞ്ഞിരിക്കുന്നു. എറണാകുളത്ത് ചായക്കട നടത്തി ലഭിച്ച വരുമാനം കൊണ്ടാണ് വിജയൻ തന്റെ ഭാര്യക്കൊപ്പം ലോകസഞ്ചാരം നടത്തിയത്. 16 വർഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളിലാണ് വിജയൻ ഇതിനകം സന്ദര്‍ശനം നടത്തിയത്. അടുത്തിടെ റഷ്യൻ യാത്ര നടത്തി മടങ്ങിയെത്തി ജപ്പാൻ യാത്രയ്ക്കുവേണ്ടി ഒരുങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് വിജയൻ മരിച്ചത്. ഇപ്പോഴിതാ വിജയനെക്കുറിച്ച് ‘പ്യാലി’ എന്ന ചിത്രത്തിന്റെ സംവിധായിക ബബിത മാത്യു പങ്ക് വെച്ച കുറിപ്പാണു ഇപ്പോൾ എല്ലാവരുടെയും ഹൃദയം തൊടുന്നത്.

ബബിതയുടെ കുറിപ്പ് വായിക്കാം

“പ്യാലിയിൽ അഭിനയിക്കാൻ നല്ല സുന്ദരിയായ ഒരു അമ്മൂമ്മയെ വേണമായിരുന്നു. ഒരു ദിവസം ചായ കുടിക്കാൻ ഒരു കടയിൽ ഇരിക്കുബോൾ തികച്ചും യാദൃശ്ചികമായി Alex Ayur ആണ് മോഹനാമ്മ ഓക്കെ ആകുമോ എന്നു ചോദിച്ചത്.
എനിക്കും റിന്നിനും രണ്ടാമതൊന്നാലോചിക്കാൻ ഒണ്ടായിരുന്നില്ല.

എന്നാൽ ശരിക്കും അത്ഭുതപ്പെട്ടത് വിജയൻ ചേട്ടൻ മോഹനാമ്മയേയും കൊണ്ട് ഷൂട്ടിന് വന്നപ്പോഴാണ്. Shot എടുക്കാൻ മോഹനാമ്മയെ Camera യ്ക്കു മുൻപിൽ നിറുത്തുന്ന ആ സമയമല്ലാതെ മോഹനാമ്മയുടെ അടുത്തു നിന്നു മാറാത്ത വിജയൻ ചേട്ടൻ. മോഹനാമ്മയുടെ സൗന്ദര്യത്തെ പറ്റി കിട്ടുന്ന അവസരങ്ങളിലെല്ലാം വാ തോരാതെ പറഞ്ഞു കൊണ്ടിരിക്കുന്ന വിജയൻ ചേട്ടൻ. അതു കേട്ടു ഒരു ചെറിയ നാണത്തോടെ അടുത്തിരുന്നു പുഞ്ചിരിക്കുന്ന മോഹനാമ്മ. ഞങ്ങളുടെ സെറ്റിലെ പ്രണയ ജോഡികൾ ആയിരുന്നു അവർ. ഷൂട്ടിങ്ങ് ഇടവേളകളിൽ അവരെ നോക്കി ഇരിക്കാൻ തന്നെ ഒരു രസമായിരുന്നു.

ഇന്നല്ലെങ്കിൽ നാളെ മോഹനാമ്മയെ അഭിനയിക്കാൻ ആരെങ്കിലും വിളിക്കും എന്ന് വിജയൻ ചേട്ടൻ മോഹനാമ്മയോടു എപ്പോഴും പറയാറുണ്ടത്രേ! ആ സന്തോഷത്തിലാണ് വിജയൻ ചേട്ടൻ മോഹനാമ്മയേയും കൊണ്ട് വളരെ ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ വന്നത്.
തന്റെ ഒരു യാത്രയിലും മോഹനാമ്മയെ ഒറ്റയ്ക്കാക്കാത്ത ആ വിജയൻ ചേട്ടൻ ഒരിക്കല്ലും തിരിച്ചു വരാത്ത യാത്ര തനിയെ പോയി. ഞങ്ങളുടെ പ്യാലിയിൽ മോഹനാമ്മ ചെയ്ത ദാദിമ്മയെ കാണാതെ…..
മോഹനാമ്മയ്ക്ക് എല്ലാ വിധ കരുത്തും ഈശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
വിജയൻ ചേട്ടനു ആദരാജ്ഞലികൾ.”

നവാഗതരായ ബബിത-റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്യാലി’. ചിത്രത്തിൽ വിജയന്റെ ഭാര്യ മോഹനാമ്മയും വേഷമിട്ടിട്ടുണ്ട്. എന്‍.എഫ്. വർഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അനശ്വര നടന്‍ എന്‍.എഫ്. വർഗീസ്സിന്റെ മകള്‍ സോഫിയ വർഗീസ് നിര്‍മ്മിക്കുന്ന സിനിമയാണ് ‘പ്യാലി’. സഹോദര സ്നേഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

cinema pranthan