Cinemapranthan

‘അമ്മച്ചി ആ പെട്ടി ഇങ്ങു തന്നേക്ക്’; ആ ശബ്ദം കാതുകളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നുണ്ട്

റിസബാവ എന്നാൽ ജോൺ ഹോനായി എന്നാണ് മലയാളികൾക്ക്

മലയാളത്തിൽ ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞു പോയൊരു മുഖമാണ് റിസബാവയുടെ ജോൺ ഹോനായി. റിസബാവ എന്നാൽ ജോൺ ഹോനായി എന്നാണ് മലയാളികൾക്ക്. അത്രമേൽ സിനിമാസ്വാദകരെ ആഴത്തിൽ സ്വാധീനിച്ച ഒരുപാടു വില്ലന്മാരൊന്നും മലയാളത്തിൽ ഉണ്ടാവില്ല.

സുന്ദരനായ ‘ജോൺ ഹോനായി’ എന്ന വില്ലനെ ഒരുപക്ഷേ നായകന്മാരെക്കാൾ ആരാധകരെ നേടി കൊടുത്തു കാണും ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രം. മലയാള സിനിമയിലെ തന്നെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന വില്ലൻ കഥാപാത്രം ആയിരുന്നു ജോൺ ഹോനായി.

”അമ്മച്ചി ആ പെട്ടി ഇങ്ങു തന്നേക്ക്” എന്ന ഡയലോഗ് ഒരുപക്ഷേ റിസബാവ എന്ന നടന്റെ കരിയറിലേക്കുള്ള ഉറച്ച ശബ്ദമായിരുന്നു. ആ ഒരൊറ്റ ഡയലോഗ് മാത്രം മതി റിസബാവ എന്ന അതുല്യ നടനെ മലയാള സിനിമക്കും, സിനിമാപ്രേമികൾക്കും ചേർത്ത് പിടിക്കാൻ.

നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ റിസബാവ 1990-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഡോ.പശുപതി’ എന്ന ചിത്രത്തിൽ നായകനായിട്ടായിരുന്നു മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ പാർവതിയുടെ നായകനായാണ് പ്രവേശനമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ജോൺ ഹോനായി എന്ന വില്ലൻ വേഷമായിരുന്നു. തുടർന്ന് നിരവധി വില്ലൻ വേഷങ്ങളാണ് റിസബാവയെ കൂടുതലും തേടിയെത്തിയത്.

അസാമാന്യമായ അഭിനയത്തികവിനൊപ്പം തന്നെ ഗാംഭീര്യം നിറഞ്ഞ ശബ്ദം കൊണ്ടും റിസബാവ വ്യത്യസ്തനായി നിന്നു. പ്രേക്ഷകർ പെട്ടന്ന് തിരിച്ചറിയുന്ന ഒരു ശബ്ദങ്ങളിൽ മുൻപിൽ ആണ് റിസബാവയുടേത്. 120–ലധികം സിനിമകളി‍ൽ അഭിനയിച്ച റിസബാവയ്ക്ക് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുന്നത് ഡബ്ബിങ്ങിനാണ്. കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്ക്ക് ശബ്ദം നല്കിയതിനാണ് പുരസ്‌കാരം ലഭിക്കുന്നത്. തുടർന്നുള്ള തലൈവാസൽ വിജയിയുടെ മലയാള ചിത്രങ്ങളിൽ എല്ലാം റിസബാവ തന്നെയായിരുന്നു ശബ്ദം നൽകിയത്. പ്രണയം, ദ ഹിറ്റ്ലിസ്റ്റ്, കർമയോ​ഗി, കളിമണ്ണ് എന്നീ ചിത്രങ്ങൾക്കായി ശബ്ദം നൽകി.

നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയെങ്കിലും ജോൺ ഹോനായിയുടെ ‘അമ്മച്ചി’ എന്ന ആ വിളി തന്നെയാണ് മലയാളികളുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നത്.

cp-webdesk