Cinemapranthan

മലയാളിയുടെ  സ്വന്തം ജനകീയ സിനിമ പിറന്നിട്ട് 35 വര്‍ഷങ്ങള്‍

മൂലധന താല്പരൃങ്ങളെ അതിജീവിച്ച് ലാഭ ചിന്തയില്ലാതെ ജനങ്ങള്‍ നിര്‍മ്മിച്ച ആദ്യ സിനിമ എന്ന പ്രത്യേകതയുള്ള മലയാളത്തിലെ ലക്ഷണമൊത്ത ക്ലാസിക്

വിഖ്യാത ചലചിത്രകാരന്‍ ജോണ്‍ എബ്രഹാമിന്‍റെ അവസാന സിനിമയും ലോകത്തിലെ ആദ്യ ജനകീയ സിനിമയും ആയ ” അമ്മ അറിയാന്‍”  പിറന്നിട്ട് ഈ ഡിസംബര്‍ 25 ന് 35 വര്‍ഷം പിന്നിട്ടു. മൂലധന താല്പരൃങ്ങളെ അതിജീവിച്ച് ലാഭ ചിന്തയില്ലാതെ ജനങ്ങള്‍ നിര്‍മ്മിച്ച ആദ്യ സിനിമ എന്ന പ്രത്യേകതയുള്ള മലയാളത്തിലെ ലക്ഷണമൊത്ത ക്ലാസിക്. ചരിത്രത്തിലെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു പുസ്തകമാണ് ജോണിന്‍റെ അമ്മ അറിയാന്‍. പുതു തലമുറയുടെ സിനിമ വിദ്യാര്‍ത്ഥികള്‍ പഠന വിഷയം ആക്കേണ്ട അനവധി അര്‍ത്ഥ തലങ്ങളുള്ള കലാ സൃഷ്ടി.

”മൂലധന താല്‍പരൃങ്ങളെ അതിജീവിക്കാന്‍ സിനിമക്കും സിനിമാക്കാരനും കഴിയില്ല” എന്ന ഫ്രഞ്ച് ന്യൂവേവ് സിനിമയുടെ വക്താവായ ആന്ത്രേ ബസിന്‍റെ വിമര്‍ശനത്തിന്‍റെ ചുവടുപിടിച്ചാണ് ജോണ്‍ എബ്രഹാം എന്ന വിപ്ലവകാരി ഒഡേസ എന്ന കൂട്ടായ്മക്ക് രൂപം നല്‍കുന്നത്. ജനങ്ങളില്‍ നിന്നും കുമ്പിള്‍ പിരിവ് നടത്തി ജനങ്ങള്‍ക്ക് വേണ്ടി സിനിമയെടുത്ത് അവരെ ഫ്രീ ആയി കാണിക്കുക എന്ന ലക്ഷ്യമായിരുന്നു ഒഡേസക്കുണ്ടായിരുന്നത്. ആ ഒഡേസയുടെ ആദ്യ സിനിമയാണ് അമ്മ അറിയാന്‍. പിരിഞ്ഞിട്ട് കിട്ടിയ തുകയുടെ പരിമിതിക്കുള്ളില്‍ നിന്നു നീറിയ സിനിമ ബ്ലാക്ക് & വൈറ്റിലാണ് പുറത്തിറങ്ങിയതും.

സിനിമ ഇറങ്ങിയത് 86ല്‍ ആണെന്ന് ഓര്‍ക്കണം.. രാജാവിന്‍റെ മകനും ആവനായിയും തീയേറ്റുകളില്‍ നിറഞ്ഞോടുന്ന സമയം. തീയേറ്റര്‍ കിട്ടാനില്ലാതെ എറണാകുളം രാജേന്ദ്ര മൈതാനത്തായിരുന്നു ജനങ്ങള്‍ക്കു വേണ്ടിയുള്ള ആദ്യ പ്രദർശനം. പ്രദര്‍ശനം അറിയിക്കാനായി ജോണും കൂട്ടാളികളും മെഗാ ഫോണും ചെണ്ടയുമായി രണ്ട് ദിവസം നഗരം ചുറ്റി നടന്നു.. റിലീസ് ദിവസം രാജേന്ദ്ര മൈതനം കാണികളാല്‍ നിറഞ്ഞു… ഡിസംബറിന്‍റെ തണുപ്പില്‍ ഓലപ്പായയില്‍ ഇരുന്ന് ജനങ്ങള്‍ അവര്‍ നിര്‍മ്മിച്ച സിനിമ ആസ്വദിച്ചു.. അങ്ങനെ ലോകത്തിലെ ആദ്യ ജനകീയ സിനിമ യാഥാര്‍ത്യമായി.. ചരിത്രമായി..!!

അമ്മ അറിയാന്‍ ഒരു റോഡ് മൂവിയാണെന്ന് വേണങ്കില്‍ പറയാം. ഹരി എന്ന നക്സലൈറ്റിന്‍റെ മരണം അയാളുടെ അമ്മയെ അറിയിക്കാന്‍ ഇറങ്ങി തിരിക്കുന്ന പുരുഷന്‍റെയും അയാളുടെ സുഹൃത്തുക്കളുടെയും വയനാട് മുതല്‍ കൊച്ചി വരെയുള്ള യാത്രയാണ് സിനിമ.. പക്ഷെ ആ യാത്രക്കിടയില്‍ സിനിമ പറഞ്ഞു വക്കുന്ന ഒരുപാട് രാഷ്ടീയ സമവാക്യങ്ങളുണ്ട്. അടിയന്തരാവസ്ഥയും നക്സലിസവും കമ്മ്യുണിസവും, ജാതി, മതം, തൊഴില്‍, ദാരിദ്രം, മുതലാളിത്തം, അഴിമതി, സംസ്കാരം, മരണം, ജനാതിപത്യം തുടങ്ങി സകല സിദ്ധാന്തങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു..

സിനിമയിലെ മുഖ്യ കഥാപാത്രമായ പുരുഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടനും സംവിധായകനുമായ ജോയ്മാത്യൂ ആയിരുന്നു.. നക്സലൈറ്റ് ഹരിയായി വന്നത് തബലിസ്റ്റ് ഹരിനാരായണനും. പുതിയ തലമുറക്ക് ഹരി നാരായണനെ എത്രത്തോളം അറിയുമെന്നറിയില്ല.. ചാര്‍ളി എന്ന സിനിമയില്‍ ദുല്‍ക്കറിനൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട് തബലിസ്സറ്റ് ആയി തന്നെ..

സിനിമയുടെ അണിയറയിലും പ്രമുഖര്‍ ഏറെയാണ്. ഛായഗ്രഹണം നിര്‍വ്വഹിച്ചത് സംവിധായകനും ഛായഗ്രഹകനുമായ വേണു ആണ്. മുന്നറിയിപ്പിന്‍റെയും കാര്‍ബണിന്‍റെയും അമരക്കാരന്‍. ചിത്രസംയോജനം അദ്ദേഹത്തിന്‍റെ പത്നി ബീനാപോള്‍.. അങ്ങനെ പോകും നിര.. അമ്മ അറിയാന്‍ എല്ലാം തികഞ്ഞ പെര്‍ഫെക്ട് പ്രൊഡക്ടാണെന്നുള്ള വാദം എനിക്കില്ല.. പക്ഷെ അന്നത്തെ കാലഘട്ടത്തിന്‍റെ സാങ്കേതികത പോലും ഉപയോഗിക്കാതെ മണ്ണില്‍ ചവിട്ടി നിന്ന് ഇത്തരത്തിലൊരു സിനിമ സാധ്യമാണെങ്കില്‍ ഇന്നയാള്‍ ഉണ്ടായിരുന്നെങ്കില്‍ കല കൊണ്ട്‌ വിപ്ലവം തീര്‍ത്തേനെ..

ബ്രീട്ടീഷ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് മികച്ച പത്ത് ചിത്രത്തില്‍ ഒന്നായി പരിഗണിച്ച ഏക ദക്ഷിണേന്ത്യന്‍ ചിത്രം അമ്മ അറിയാന്‍ ആണെന്നതും ചിത്രത്തിന്‍റെ നിരൂപണ ശ്രദ്ധ അടിവരയിടുന്നു. കൂടാതെ രണ്ട് നാഷണല്‍ അവാര്‍ഡും സിനിമ നേടി..!

ഒരു കാലഘട്ടത്തിന്‍റെ സിനിമ എന്നുവരെ വിശേഷിപ്പിക്കാവുന്ന സിനിമയെ പുതു തലമുറക്ക് എത്രകണ്ട് പരിചിതമാണെന്നറിയില്ല.. എത്രപേര്‍ കണ്ടെന്നറിയില്ല.. എന്തായാലും ഈ കഴിഞ്ഞ ഡിസംബർ 25 ന് മുപ്പത്തഞ്ച് വര്‍ഷമായി എറണാകുളത്തെ രാജേന്ദ്ര മൈതാനത്തിലെ മഞ്ഞു വീണു കുതിര്‍ന്ന പായയില്‍ നിന്നും ശീതികരിച്ച് സജ്ജമാക്കിയ മള്‍ട്ടിപ്ലക്സിലേക്ക് സിനിമ വളര്‍ന്നിട്ടുണ്ട് അതിനിടയില്‍ ഓര്‍മ്മയില്‍ പോലും വരാത്ത ക്ലാസിക്കുകളും അതുണ്ടാക്കിയ ലെജന്‍റുകളും ഇവിടെ തന്നെയുണ്ട്..

Written by Jibin Narayanan

cinema pranthan