Cinemapranthan

ജോൺ എബ്രഹാം ചിത്രത്തിൽ നായികയായി അനശ്വര രാജൻ

ജോൺ എബ്രഹാം മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ‘മൈക്ക്’

ബോളിവുഡ് താരം ജോൺ അബ്രഹാമിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രത്തിൽ നായികയായി അനശ്വര രാജൻ. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ‘മൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘തണ്ണീർ മത്തൻ ദിനങ്ങൾ ‘എന്ന ചിത്രത്തിലൂടെ ഏവർക്കും പ്രിയങ്കരിയായ താരം ആണ് അനശ്വര രാജൻ. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകൻ.

ജോൺ എബ്രഹാം മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ‘മൈക്ക്’. വിഷ്ണു പ്രസാദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിക് അക്ബര്‍ അലിയാണ്. ജോൺ അബ്രഹാമിന്റെയും ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ലോഞ്ചിങ് നടന്നത്. കേരളത്തിൽ വൈക്കം, ധര്‍മ്മശാല എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍.

നിർമാണത്തിലൂടെ ജെ.എ എന്റർടൈൻമെന്റ് മലയാളത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ലോഞ്ചിലൂടെ ജെ എ എൻറർടൈൻമെൻറ് പരിചയപ്പെടുത്തിയ കഴിവുറ്റ പ്രതിഭകളുടെ നിരയിലേക്ക് ചേർക്കപ്പെടുകയാണ് രഞ്ജിത്ത് സജീവ് എന്ന പേര്. രഞ്ജിത്ത് സജീവും അനശ്വര രാജനും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

ക്യാമറയ്ക്ക് മുന്നിലും പുറകിലുമായി നിരവധി അതുല്യ പ്രതിഭകളെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഛായാഗ്രഹണം രണദേവെയും എഡിറ്റിങ് വിവേക് ഹര്‍ഷനുമാണ് നിർവഹിച്ചിരിക്കുന്നത്. അർജുൻ റെഡ്ഡി, ഡാർലിങ് 2, ഹുഷാറു തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ച രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കലാസംവിധാനം – രഞ്ജിത് കൊതേരി, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – സോണിയ സാൻഡിയാവോ. ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളേഴ്സ്.

cinema pranthan