Cinemapranthan

‘ചെറുപ്പം ചെറുപ്പകാലത്തു തന്നെ കളിച്ചു തീർത്ത ഒരാൾ’; ‘സുഖമോ ദേവി’യിലെ യഥാർത്ഥ സണ്ണിയുടെ ഓർമ്മകൾക്ക് അമ്പതാണ്ട്

വേണു നാഗവള്ളിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സൈമണിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സുഖമോ ദേവി ചിത്രം ഒരുക്കിയിരിക്കുന്നത്

ചെറുപ്പം ചെറുപ്പകാലത്തു തന്നെ കളിച്ചു തീർക്കണമെന്ന് പറഞ്ഞ് ജീവിതം ആഘോഷമാക്കിയ ‘സുഖമോദേവി’യിലെ സണ്ണിയെയും കൂട്ടുകാരെയും മലയാളികൾ മറക്കില്ല. ഹൃദയത്തിൽ വലിയൊരു നൊമ്പരം തീർത്താണ് ‘സുഖമോദേവി’യിലെ സണ്ണിയുടെ യാത്ര. നടൻ വേണു നാഗവല്ലി സംവിധാനം ചെയ്ത ‘സുഖമോ ദേവി’ എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രം യഥാർത്ഥ ജീവിതത്തിൽ സൈമൺ മാത്യു ആണ്. വേണു നാഗവള്ളിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സൈമണിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സുഖമോ ദേവി ചിത്രം ഒരുക്കിയിരിക്കുന്നത്. ജീവിതം ആഘോഷമാക്കിയ സൈമൺ ചെറുപ്പത്തിൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. സൈമണിന്റെ ഓർമ്മകൾക്ക് അമ്പതാണ്ട്‌ തികയുമ്പോൾ സൈമണിന്റെ ബന്ധുവായ പ്രിയൻ അനിയൻ മാത്യു പങ്കുവച്ച ഓർമ്മക്കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കുറിപ്പ് വായിക്കാം

“തിരുവനന്തപുരത്തിന്റെ രാജവീഥികളിലൂടെ ഉറക്കെ പാട്ടും പാടി തന്റെ സ്കൂട്ടറിൽ നടന്നിരുന്ന, ചെറുപ്പം ചെറുപ്പകാലത്തു തന്നെ കളിച്ചു തീർത്ത ഒരു കലാകാരൻ.
ഇന്ന്, എന്റെ അങ്കിൾ സോമൻ ഉപ്പാപ്പനെ (സൈമൺ മാത്യു, സുഹൃത്തുക്കൾക്ക് അദ്ദേഹം സൈമണും കുടുംബാംഗങ്ങൾക്ക് സോമനുമായിരുന്നു) അദ്ദേഹത്തിന്റെ അമ്പതാം ചരമവാർഷികത്തിൽ സ്നേഹത്തോടെ ഓർക്കുകയാണ്. അതീവസുന്ദരൻ മാത്രമല്ല, ഏറെ കഴിവുകളുള്ള, പഠിപ്പിലും കലകളിലും സ്പോർട്സിലുമെല്ലാം മികവു പുലർത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

അനുഗ്രഹീതനായ ഒരു ഗായകൻ, മനോഹരമായ ശബ്ദത്തിന് ഉടമയായിരുന്ന അദ്ദേഹത്തിന്റെ ആത്മാവ് നിറയെ സംഗീതമായിരുന്നു. സംഗീതം കൊണ്ടും പെരുമാറ്റം കൊണ്ടും എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരാൾ. നല്ലൊരു കായികതാരം കൂടിയായിരുന്നു അദ്ദേഹം. മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന അദ്ദേഹം അറുപതുകളുടെ അവസാനത്തിലും 70കളുടെ തുടക്കത്തിലും തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിക്കുന്ന കാലയളവിൽ കേരള സര്‍വകലാശാലയെയും കേരള സംസ്ഥാന ടീമിനെയും പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. 1969ൽ മികച്ച ഫുട്ബോളർക്കുള്ള ഗോൾഡ് മെഡലും നേടി. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബിലെ അറിയപ്പെടുന്ന ടെന്നീസ് താരം കൂടിയായിരുന്നു അദ്ദേഹം.

50 വർഷങ്ങൾക്ക് മുൻപ്, ദൗർഭാഗ്യകരമായ ഒരു രാത്രിയിൽ, 1971 നവംബര്‍ 28ന് 24-ാം വയസ്സിൽ കവഡിയാര്‍ വെള്ളയമ്പലം റോഡില്‍, രാജ്ഭവന് മുമ്പില്‍ വച്ചുണ്ടായ ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ അദ്ദേഹം മരിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിൽ അദ്ദേഹം ജോലിയ്ക്ക് ചേർന്നിട്ട് നാലു ദിവസമേ ആയിരുന്നുള്ളൂ അന്ന്. വൈകുന്നേരം നടന്ന ഫുട്‌ബോള്‍ മാച്ചില്‍ ടൈറ്റാനിയത്തെ പ്രതിനിധീകരിച്ച് കളിച്ച് ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം.

വളരെ ആകസ്മികമായ ആ മരണം ഞങ്ങളുടെ കുടുംബത്തിലെ ഒരുപാട് പേരുടെ ജീവിതം മാറ്റിമറിച്ചു. അദ്ദേഹത്തിന് ലഭിച്ച സ്വർണ്ണ മെഡൽ എന്റെ മുത്തശ്ശി മരിക്കുവോളം അവരുടെ താലിക്കൊപ്പം ചേർത്ത് ധരിച്ചു. ഒന്നു കരയാൻ പോലും കഴിയാത്ത നിസ്സംഗതയാണ് അദ്ദേഹത്തിന്റെ മരണം പ്രിയപ്പെട്ടവരിൽ ഏൽപ്പിച്ചത്. അദ്ദേഹത്തിന്റെ ഓർമകൾ ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലും ആരാധകരിലും നിലനില്‍ക്കുന്നു.

വളരെ പ്രതിഭാധനനായ ആ സംഗീതസംവിധായകനെ എച്ച്എംവി തിരിച്ചറിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തോട് കൂടി ആ സ്വപ്‌നങ്ങളും പൊലിഞ്ഞു. എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ സ്വന്തം പാട്ടുകൾ ഗ്രൂപ്പ് സോങ്ങുകളായി പാടി ഓരോ വര്‍ഷവും അദ്ദേഹം ട്രോഫികള്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് 1972 ല്‍ അദ്ദേഹം എഴുതി സംഗീതം നിർവ്വഹിച്ച നാല് പാട്ടുകള്‍ Loves Emancipation’ എന്ന ആല്‍ബത്തിലൂടെ അവതരിപ്പിക്കപ്പെട്ടു. എല്ലാ പാട്ടുകളും ഡോ. കെ.ജെ യേശുദാസ് ആയിരുന്നു പാടിയത്.

എന്റെ അച്ഛന്‍ അനിയന്‍ മാത്യുവാണ് മദ്രാസിലെ എച്ച്എംവി സ്റ്റുഡിയോയിൽ വച്ച് ആ റൊക്കോർഡിങ് നടത്തിയത്. എത്രത്തോളം പ്രതിഭാധനനായിരുന്നു ആ ചെറുപ്പക്കാരനെന്ന് വശ്യമായ ആ ഈണങ്ങൾ കേൾക്കുമ്പോൾ മനസ്സിലാവും. ആഹ്ലാദത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമായിരുന്നു ആ പാട്ടുകളിൽ നിറഞ്ഞുനിന്നത്. അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയായി വരും ആഴ്ചകളില്‍ ഗാനങ്ങള്‍ ഓരോന്നായി ഞാന്‍ പങ്കുവെയ്ക്കാം.

പിന്നീട്, 1986ല്‍ ആണ് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തായ വേണു നാഗവള്ളി ‘സുഖമോദേവി’ എന്ന ചിത്രം പുറത്തിറക്കിയത്. വേണു നാഗവള്ളിയുടെ ആദ്യചിത്രമായിരുന്നു അത്. സൈമണ്‍ മാത്യു, വേണു നാഗവള്ളി (സിനിമയില്‍ മോഹന്‍ലാലും ശങ്കറും ) എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതമായിരുന്നു ഈ സിനിമയുടെ പ്രമേയം. മോഹന്‍ലാലിന്റെ സണ്ണി എന്ന കഥാപാത്രം സിനിമയില്‍ എങ്ങനെയായിരുന്നgവോ അങ്ങനെ തന്നെയായിരുന്നു യഥാര്‍ത്ഥ ജീവിതത്തില്‍ എന്റെ അങ്കിള്‍.

സിനിമ വന്‍വിജയമായി, കഥയിലെ ശ്രദ്ധേയമായ പല ഭാഗങ്ങളും സംഭാഷണങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. സിനിമയില്‍ സണ്ണിയുടെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു, ജീവിതത്തിൽ സൈമണ്‍ മാത്യുവിന്റെ നഷ്ടം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ സംബന്ധിച്ചും അങ്ങനെ തന്നെയായിരുന്നു. സിനിമയിലെന്ന പോലെ തന്നെ, സൈമണ്‍ മാത്യുവിന്റെ പാട്ടുകള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇന്നും പ്രതിധ്വനിക്കുന്നു. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.”

cinema pranthan