Cinemapranthan

പരസ്യമായി വിവാഹാഭ്യർഥന നടത്തി ആരാധിക; വൈറലായി ബി ടി എസ് താരത്തിന്റെ മറുപടി

താൻ ഒരു നടിയാകാൻ ആഗ്രഹിക്കുന്നുവെന്നും അതു സാധിച്ചാൽ തന്നെ വിവാഹം കഴിക്കാൻ തയ്യാറാകുമോ എന്നുമാണ് ആരാധിക ചോദിച്ചത്

കൊറിയൻ സംഗീത ബാൻഡായ ബി ടി എസിലെ അംഗങ്ങളിലൊരാളായ ജെ ഹോപിനോട് പരസ്യമായി വിവാഹാഭ്യർത്ഥന നടത്തി ആരാധിക.
താൻ ഒരു നടിയാകാൻ ആഗ്രഹിക്കുന്നുവെന്നും അതു സാധിച്ചാൽ തന്നെ വിവാഹം കഴിക്കാൻ തയ്യാറാകുമോ എന്നുമാണ് ആരാധിക ചോദിച്ചത്. ഉടൻ തന്നെ ജെ ഹോപ് മറുപടി നൽകുകയും ചെയ്തു. ‘എത്രയും വേഗം ഒരു നടിയായി മാറട്ടെയെന്നും എല്ലാവിധ ആശംസകളും നേരുകയാണെന്നും’ എന്നാണു താരം മറുപടി നൽകിയത്. ഒപ്പം കുസൃതി ചിരിയോടെയുള്ള ചില ഇമോജികളും ജെ ഹോപ് മറുപടിയ്ക്കൊപ്പം നൽകി. ലൈവ് സംവാദത്തിനിടെയുള്ള ആരാധികയുടെ പരസ്യ വിവാഹാഭ്യർത്ഥനയും ഉടനെയുള്ള ജെ ഹോപ്പിന്റെ മറുപടിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

എന്നാൽ പിന്നീട് താൻ തമാശയായിട്ടാണ് വിവാഹാഭ്യർത്ഥന നടത്തിയതെന്ന വിശദീകരണവുമായി യുവതി രംഗത്തെത്തി. ലോകം മുഴുവനും കോടിക്കണക്കിന് ആരാധകരുള്ള ബി ടി എസ് അംഗങ്ങളുടെ വിശേഷങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. ഇതിനു മുൻപും മറ്റൊരു ബി ടി എസ് താരമായ ഷുഗയോട് മെസേജിലൂടെ ഒരു യുവതി വിവാഹാഭ്യർഥന നടത്തിയിരുന്നു. മെസേജ് വായിച്ച് സ്തബ്ധനായിരിക്കുന്ന ഷുഗയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

അതേ സമയം ബി ടി എസ് ഈ വർഷം പുറത്തിറക്കിയ ‘ബട്ടർ’ എന്ന ഗാനത്തിന് ഇത്തവണത്തെ ഗ്രാമി നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷവും നോമിനേഷൻ ലഭിച്ചെങ്കിലും പുരസ്കാരം നേടാനായില്ല. എന്നാൽ ഇത്തവണ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോക വ്യാപകമുള്ള ബി ടി എസ് ആരാധകർ.

cinema pranthan