Cinemapranthan

മഴക്കെടുതി; ആന്ധ്രാപ്രദേശിന്‌ സാമ്പത്തിക സഹായം നൽകി ചിരഞ്ജീവിയും രാം ചരണും

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം ആണ് സംഭാവന നൽകിയത്

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആന്ധ്രാപ്രദേശിന്‌ സഹായവുമായി നടന്മാരായ ചിരഞ്ജീവിയും മകൻ രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണ് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന നൽകിയത്.

‘ആന്ധ്രപ്രദേശില്‍ വെളളപ്പൊക്കവും പേമാരിയും മൂലമുണ്ടായ വ്യാപകനാശനഷ്ടങ്ങള്‍ കാണുമ്പോള്‍ ഏറെ ദുഖമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു’ എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജൂനിയര്‍ എന്‍ടിആർ, മഹേഷ് ബാബു എന്നിവർ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

വെളളപ്പൊക്കത്തെ തുടര്‍ന്ന് സ്ഥിതി ഗുരുതരമായി തുടരുന്ന ആന്ധപ്രദേശിലെ ആയിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.

അതേ സമയം ആന്തമാൻ കടലിൽ പുതുതായി രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംവിധായകൻ കൊരട്ടാല ശിവയുടെ ‘ആചാര്യ’ എന്ന ചിത്രത്തിൽ ചിരഞ്ജീവിയും രാം ചരണും വേഷമിടുന്നുണ്ട്. ചിത്രം 2022 ഫെബ്രുവരി 4 ന് തിയേറ്ററുകളിൽ എത്തും. രാം ചരൺ ചിത്രത്തിൽ അതിഥി വേഷത്തിൽ ആണ് എത്തുന്നത്. കാജൽ അഗർവാൾ, പൂജ ഹെഗ്‌ഡെ, സോനു സൂദ്, തനിക്കെല്ല ഭരണി എന്നിവർ ആണ് മറ്റു താരങ്ങൾ.

cinema pranthan