Cinemapranthan

‘പുനീതിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ കണ്ണു നിറയുന്നു’; ഭാര്യ അശ്വിനി

ഈ സത്പ്രവര്‍ത്തിയിലൂടെ പുനീത് ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നും അശ്വിനി കുറിക്കുന്നു

നടൻ പുനീത് രാജ്‌കുമാറിന്റെ അകാല വിയോഗം നൽകിയ വേദനയിൽ നിന്നും കന്നഡ സിനിമാ മേഖല ഇതുവരെയും മുക്തരായിട്ടില്ല. കന്നടയിൽ മാത്രമല്ല കേരളം, തമിഴ്‌നാട് ഉൾപ്പടെയുള്ള സിനിമാ മേഖലയെയും ആരാധകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തിയിരുന്നു പുനീതിന്റെ മരണം. ഹൃദയാഘാതത്തെ തുടർന്ന് ഒക്ടോബർ 29നായിരുന്നു പുനീത് ഓർമ്മകളിലേക്ക് മറഞ്ഞത്. ഇപ്പോൾ പുനീതിന്റെ ഭാര്യ അശ്വിനി പുനീത് രാജ്‌കുമാർ പങ്ക് വെച്ച കുറിപ്പാണു ആരാധകരുടെ ഹൃദയം തൊടുന്നത്. ‘പുനീതിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ കണ്ണു നിറയുന്നുവെന്നും, ഈ സത്പ്രവര്‍ത്തിയിലൂടെ പുനീത് ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നും അശ്വിനി കുറിക്കുന്നു.

അശ്വിനിയുടെ കുറിപ്പ് വായിക്കാം

“പുനീതിന്റെ മരണം ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല കര്‍ണാടകയെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി. നിങ്ങളാണ് അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള നിങ്ങളുടെ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയ വേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അതെനിക്ക് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല യാത്രയയപ്പായിരുന്നു.

സിനിമയില്‍ നിന്ന് മാത്രമല്ല, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പുനീതിന് നല്‍കിയ അനുശോചനങ്ങളെ ഹൃദയഭാരത്തോടെ തിരിച്ചറിയുന്നു. അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു. ഈ സത്പ്രവര്‍ത്തിയിലൂടെ പുനീത് ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ നന്ദിയും സ്‌നേഹവും നിങ്ങളെ അറിയിക്കുന്നു.”

പുനീത് രാജ്കുമാറിന്റെ കണ്ണുകളിലൂടെ നാല് പേര്‍ ആണ് കാഴ്ച്ചയുടെ ലോകത്തേക്ക് എത്തിയത്. മൂന്ന് പുരുഷന്മാര്‍ക്കും ഒരു സ്ത്രീയ്ക്കുമാണ് പുനീതിന്റെ കണ്ണുകളിലൂടെ ജീവിതത്തിൽ പുതിയ വെളിച്ചം ലഭിച്ചത്. പുനീത് ബാക്കിയാക്കിയ ആഗ്രഹവും ഇതോടെ സഫലമാവുകയായിരുന്നു. പുനീതിന്റെ അച്ഛൻ രാജ്‌കുമാറും അമ്മ പാർവതമ്മയും മരണ ശേഷം കണ്ണുകൾ ദാനം ചെയ്തിരുന്നു. 1994 ൽ രാജ് കുമാർ ആരംഭിച്ച നേത്ര ബാങ്ക് കുടുംബത്തിലുള്ള എല്ലാവരുടെയും സമ്മതപത്രം നൽകിയിരുന്നു.

സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പുനീത് 2000 പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, 20 വൃദ്ധസദനം, 26 അനാഥാലയങ്ങൾ തുടങ്ങിയവയും നടത്തിയിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന പുനീത്, കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് സംഭാവന നൽകിയത്.

വടക്കന്‍ കര്‍ണ്ണാടകയിൽ പ്രളയം സംഭവിച്ചപ്പോഴും പുനീത് ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷവും നല്‍കിയിരുന്നു. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.

കന്നഡയിലെ പ്രശസ്ത സിനിമ കുടുംബമായ രാജ്കുമാര്‍ കുടുംബത്തിലെ അംഗമാണ് പുനീത്. ഇതിഹാസ താരമായ അച്ഛന്‍ രാജ്കുമാറിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ബാലതാര വേഷങ്ങളിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.

മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ‘യുവരത്ന’യാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മാതാപിതാക്കളുടെ സമാധി സ്ഥലമായ ഖണ്ടീരവ സ്റ്റുഡിയോയിലാണ് പുനീതും അന്ത്യവിശ്രമം കൊള്ളുന്നത്.

cinema pranthan