Cinemapranthan

കോവിഡ് പ്രതിസന്ധി; തീയറ്റർ ജീവനക്കാർക്ക് ധനസഹായവുമായി വിജയ് ഫാൻസ്‌

ജില്ലയിലെ മുപ്പതോളം തീയേറ്ററുകളിലെ ജീവനക്കാർക്കാണ്

കോവിഡ് കാലം പ്രതിസന്ധിയിലാക്കിയവരിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു അനുഭവിച്ചവരാണ് സിനിമ തിയേറ്റർ ജീവനക്കാർ. കേരളത്തിൽ ഇനിയും തിയറ്ററുകൾ തുറന്നിട്ടില്ല. സിനിമകൾ തിയറ്ററിലെത്താതെ ഒ ടി ടി റിലീസുകളാണ് അധികവും നടക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ തിയറ്റർ ജീവനക്കാർക്ക് സാമ്പത്തികമായി കൈത്താങ്ങാവുകയാണ് നടൻ വിജയ്‌യുടെ കൊല്ലത്തുള്ള ആരാധകർ.

ജില്ലയിലെ മുപ്പതോളം തീയേറ്ററുകളിലെ ജീവനക്കാർക്കാണ് വിജയ് ഫാൻസിന്റെ നേതൃത്വത്തിൽ സമാഹരിച്ച ഒന്നേമുക്കാൽ ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചത്. കടപ്പാക്കടയിലെ ധന്യ രമ്യ തിയേറ്ററിൽ വെച്ചു മുകേഷ് എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു.

‘ഇഷ്ട്ടപ്പെട്ട നടനെ പ്രോത്സാഹിപ്പിക്കുന്നതിനപ്പുറം പാവങ്ങളെ സഹായിക്കുക കൂടി ചെയ്യുമ്പോഴാണ് ഫാൻസ്‌ പ്രവർത്തനത്തിന് മാനുഷിക തലം വരുന്നതെന്ന്’ എംഎൽഎ പറഞ്ഞു. ജില്ലയിൽ 12500 പേരാണ് സംഘടനയിലുള്ളത്. ലക്കി കൂപ്പണിലൂടെയാണ് ധനസമാഹരണം നടത്തിയത്. തുക തിയേറ്ററുകളുടെ മാനേജർമാർ വഴിയാണ് ജീവനക്കാരുടെ കൈകളിലെത്തുകയെന്ന് ഭാരവാഹികൾ പറഞ്ഞു.

cp-webdesk