Cinemapranthan

മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ 238.21 കോടി നേടി രജനികാന്തിന്റെ ‘അണ്ണാത്തെ’

ചിത്രം ഉടൻ തന്നെ ലോകമെമ്പാടുമുള്ള 250 കോടി ക്ലബ്ബിൽ എത്തുമെന്നാണ് സൂചന

രജനികാന്തിന്റെ ‘അണ്ണാത്തെ’ തിയറ്ററുകളിലെത്തി മൂന്നാം വാരത്തിലും ശക്തമായി മുന്നേറുകയാണ്. നവംബർ നാലിന് ദീപാവലി ദിനത്തിൽ റിലീസ് ചെയ്ത ചെയ്ത ചിത്രം ലോകമെമ്പാടുമായി 238.21 കോടി രൂപയാണ് നേടിയിരിക്കുന്നത്. 2021-ൽ ബോക്‌സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 200 കോടി നേടിയ ‘അണ്ണാത്തെ’ റിലീസായി മൂന്നാഴ്ച പിന്നിട്ടിട്ടും കളക്ഷനുകൾ വാരിക്കൂട്ടുകയാണ്. ചിത്രം ഉടൻ തന്നെ ലോകമെമ്പാടുമുള്ള 250 കോടി ക്ലബ്ബിൽ എത്തുമെന്നാണ് സൂചന.

സിരുത്തൈ ശിവ സംവിധാനം ചെയ്ത ‘അണ്ണാത്തെ’ ദീപാവലി റിലീസായി എത്തിയ ചിത്രമായിരുന്നു. തുടക്കത്തിൽ നെഗറ്റീവ് റിവ്യൂസുകളും, സമ്മിശ്ര പ്രതികരണങ്ങളും ആണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസ് കളക്ഷനെ അത് ബാധിച്ചിട്ടില്ല.

ആദ്യ ആഴ്ച്ച തന്നെ ചിത്രം 202.47 കോടി നേടിയെന്നാണ് കണക്കുകൾ പറയുന്നത്. രണ്ടാമത്തെ ആഴ്ച്ച 26.32 കോടിയും മൂന്നാമത്തെ ആഴ്ച്ചയിലെ മൂന്ന് ദിവസങ്ങളിലായി നേടിയ കളക്ഷൻ ഉൾപ്പടെ ആണ് 238.21 . തമിഴ്‌നാട്ടിൽ മാത്രം ‘അണ്ണാത്തെ’ നേടിയത് 149.24 കോടി രൂപ കളക്ഷൻ ആണ്. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ‘അണ്ണാത്തെ’ നേടിയ കളക്ഷന്റെ കണക്കുകൾ ട്വിറ്ററിലൂടെ പങ്ക് വെച്ചിരുന്നു.

രജനികാന്തും കീർത്തി സുരേഷും സഹോദരങ്ങളായി വേഷമിട്ട ചിത്രത്തിൽ മീന, ഖുശ്ബു, പ്രകാശ് രാജ്, സൂരി, അഭിമന്യു സിംഗ്, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കീർത്തി സുരേഷ് തങ്ക മീനാച്ചി ആയും രജനികാന്ത് കാളയൻ എന്ന കഥാപാത്രമായും എത്തുന്നു. കാമുകനൊപ്പം കൊൽക്കത്തയിലേക്ക് ഒളിച്ചോടുന്ന തങ്ക മീനാച്ചി ജീവൻ അപകടത്തിലാകുന്ന സാഹചര്യം നേരിടേണ്ടി വരുന്നു. എന്നാൽ അവളറിയാതെ കാളയൻ അവളെ എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നു. സാഹോദര്യ ബന്ധത്തെ ചുറ്റിപറ്റിയാണ് ‘അണ്ണാത്തെ’യുടെ കഥ നടക്കുന്നത്.

cinema pranthan