Cinemapranthan

150 വർഷം പഴക്കമേറിയ കോടതി ഹാൾ; ‘ജയ് ഭീം’ മേക്കിങ് വീഡിയോ

‘ജയ് ഭീം’ സിനിമയ്ക്കായി 150 വർഷം പഴക്കമേറിയ കോടതി ഹാൾ പുനർസൃഷ്ട്ടിക്കുകയായിരുന്നു.

ജയ് ഭീം എന്ന തമിഴ് ചിത്രത്തിൽ ഏറ്റവും പ്രാധാന്യമേറിയതും അത്യാകർഷകവുമായ ലൊക്കേഷനാണ് മദ്രാസ് ഹൈക്കോർട്ടിന്റെ കോർട്ട് ഹാൾ. ഏകദേശം 150 വർഷം പഴക്കമേറിയ ഈ കോടതി ഹാൾ സിനിമയ്ക്കായി പുനർസൃഷ്ട്ടിക്കുകയായിരുന്നു. പ്രൊഡക്‌ഷൻ ഡിസൈനറായ കെ. കതിറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വമ്പൻ സെറ്റ് സൃഷ്ടിച്ചെടുത്തത്. ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതും വളരെ ഗൗരവമേറിയ തലങ്ങളിലേക്ക് തിരിയുന്നതുമെല്ലാം ഈ കോടതി ഹാളിൽ വെച്ചാണ്.

1993 ൽ മോഷണമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായി തുടർന്ന് ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ഇരുളർ സമുദായത്തിൽപ്പെട്ട രാജാകണ്ണിന്റെയും നീതിക്കായി പോരാട്ടം നടത്തിയ അദ്ദേഹത്തിന്റെ ഭാര്യ പാർവതിയുടെയും ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ജയ് ബീം. ഈ നിയമപോരാട്ടം നടന്ന അതേ സ്ഥലം തന്നെ പുനസൃഷ്ടിക്കണമെന്നായിരുന്നു സംവിധായകൻ ആവശ്യപ്പെട്ടത്.

‘മദ്രാസ് ഹൈക്കോടതിയിൽ ഷൂട്ട് സമ്മതിക്കില്ല. മാത്രമല്ല വെറുതെ പോയി സന്ദർശിക്കാനും പറ്റില്ല. പ്രത്യേക ഉത്തരവ് വാങ്ങി കോടതിയിൽ സന്ദർശനത്തിനു പോയി എല്ലാം കണ്ടു മനസിലാക്കി. ഫോട്ടോ എടുക്കുവാനോ വിഡിയോ പകർത്തുവാനോ കോടതിയിൽ അനുവദിച്ചിരുന്നില്ല. അവിടെ കണ്ടത് മനസിൽ പകർത്തുക മാത്രമാണ് നിവർത്തി ഉണ്ടായിരുന്നുള്ളൂ.’– കെ. കതിർ പറയുന്നു.

മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ. ചന്ദ്രു സാറും ഇക്കാര്യത്തിൽ ഇവരെ സഹായിക്കുകയും, ഹൈക്കോർട്ടിനെക്കുറിച്ചുള്ള പുസ്തകം നൽകുകയും ചെയ്തു. 25 ദിവസം കൊണ്ടാണ് ആർട്ട് ടീം സെറ്റ് ഉണ്ടാക്കിയത്.

cinema pranthan