Cinemapranthan

വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ഹിന്ദു മക്കൾ കക്ഷി

സംഘടനയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആണ് വിദ്വേഷ പ്രചാരണം നടത്തിയിരിക്കുന്നത്

തമിഴ് സൂപ്പർസ്റ്റാർ വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ പാരിതോഷികം തരാമെന്ന് തീവ്രഹിന്ദു സംഘടനയായ ഹിന്ദു മക്കൾ കക്ഷി. ഒരു ചവിട്ടിനു 1001 രൂപ വീതം തരാമെന്നാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തേവർ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പാസുംപൺ മുത്തുരാമലിംഗ തേവർ അയ്യയെ അപമാനിച്ചെന്ന് ആരോപിച്ചാണ് സംഘടനയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വിദ്വേഷ പ്രചാരണം നടത്തിയിരിക്കുന്നത്.

”വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് അർജുൻ സമ്പത്ത് പണം പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിക്കുന്നു. തേവർ അയ്യയെ അപമാനിച്ചതിനാണിത്. 1 കിക്ക് = 1001 രൂപ. ആർക്കും നൽകും. മാപ്പ് പറയുംവരെ തല്ലണം” എന്നാണ് അർജുൻ ആഹ്വാനം നടത്തിയിരിക്കുന്നത്.

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് വിജയ് സേതുപതിയെ ക്ഷണിച്ചപ്പോൾ പങ്കെടുക്കാനാകില്ല എന്നും തേവർ അയ്യ എന്നാൽ കാൾ മാർക്സോ ലെനിനോ ഒന്നും അല്ലല്ലോ എന്നും പ്രതികരിച്ചെന്നു ആരോപിച്ചാണ് താരത്തിനെതിരെ അർജുന്റെ പ്രസ്താവന.

ഈ കഴിഞ്ഞ ആഴ്ച്ച വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളുരു വിമാനത്താവളത്തിൽ വച്ച് യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്ക്രീൻഷോട്ടടക്കമുള്ള പോസ്റ്ററാണ് അർജുൻ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കൾ കക്ഷിയുടെ ട്വിറ്റർ ഹാൻഡിൽ പുറത്തുവിട്ടിരിക്കുന്നത്

cinema pranthan