Cinemapranthan

മാരി സെൽവരാജിന്റെ പുതിയ ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

അന്യഭാഷാ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുകയാണ് നടൻ ഫഹദ് ഫാസിൽ. അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലെ വില്ലൻ വേഷത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം നടത്തിയ ഫഹദ് വീണ്ടും മറ്റൊരു വില്ലൻ വേഷം അണിയാൻ തയ്യാറാവുകയാണ്.

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാരി സെൽവരാജിന്റെ പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസിൽ വില്ലനായി എത്തുന്നത്. ഉദയനിധി സ്റ്റാലിൻ – കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ നായിക നായകന്മാരായി എത്തുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എ.ആർ. റഹ്മാൻ ആണ് മാരി സെൽവരാജിന്റെ പുതിയ ചിത്രത്തിൽ സംഗീതം നിർവ്വഹിക്കുന്നത്.

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് അഭിനേതാക്കളുടെ പേരു വിവരങ്ങളും ചിത്രത്തിന്റെ വിശേഷങ്ങളും വൈകാതെ പുറത്തുവിടും. ചിത്രത്തിന്റെ പ്രമേയമോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. മാരി സെൽവരാജിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രം എന്തായാലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന് തന്നെയാണ് പ്രതീക്ഷ.

2017ല്‍ പ്രദര്‍ശനത്തിന് എത്തിയ ശിവകാര്‍ത്തികേയൻ നായകനായ ‘വേലൈക്കാരൻ’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ ആദ്യമായി തമിഴിലെത്തിയത്. പിന്നീട് വിജയ് സേതുപതി, സാമന്ത എന്നിവർ അഭിനയിച്ച ‘സൂപ്പർ ഡീലക്സ്’ എന്ന ചിത്രത്തിലും ഫാസിൽ വേഷമിട്ടു. തമിഴിലും തെലുങ്കിലും തന്റെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. പുതിയ വില്ലൻ വേഷവും ഫഹദ് മികച്ചതാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

cinema pranthan