Cinemapranthan

വിജയ് സേതുപതിയെ ചവിട്ടാൻ ആഹ്വാനം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവിനെതിരെ കേസ്

വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു

തമിഴ് സൂപ്പർസ്റ്റാർ വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ പോലീസ് കേസെടുത്തു. കോയമ്പത്തൂര്‍ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. തേവർ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പാസുംപൺ മുത്തുരാമലിംഗ തേവർ അയ്യയെ, വിജയ് സേതുപതി അപമാനിച്ചെന്ന ആരോപണമാണ് അർജുൻ സമ്പത്ത് ഉന്നയിക്കുന്നത്.

”വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് അർജുൻ സമ്പത്ത് പണം പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിക്കുന്നു. തേവർ അയ്യയെ അപമാനിച്ചതിനാണിത്. 1 കിക്ക് = 1001 രൂപ. ആർക്കും നൽകും. മാപ്പ് പറയുംവരെ തല്ലണം” എന്നാണ് അർജുൻ സംഘടനയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആഹ്വാനം നടത്തിയിരിക്കുന്നത്.

സംഭവത്തില്‍ അര്‍ജുന്‍ സമ്പത്തിനെതിരെ ഐ പി സി സെക്ഷന്‍ 504, 501(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാൽ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. എന്നാൽ തേവർ അയ്യ എന്നാൽ കാൾ മാർക്സോ ലെനിനൊന്നും അല്ലല്ലോ എന്നായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം. ഇതിൽ പ്രകോപിതനായാണ് അർജുൻ വിദ്വേഷ പ്രചരണം നടത്തിയത്.

ആഴ്ചകൾക്ക് മുമ്പ് വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളൂരൂ വിമാനത്താവളത്തില്‍ വെച്ച് ഒരു യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്ക്രീൻഷോട്ടടക്കമുള്ള പോസ്റ്റർ അർജുൻ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കൾ കക്ഷിയുടെ ട്വിറ്റർ ഹാൻഡിലൂടെ പുറത്തുവിട്ടു കൊണ്ടാണ് വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്.

cinema pranthan