Cinemapranthan

ജാതിയോ മതമോ ഇല്ല; വിജയ് തമിഴൻ; പിതാവ് എസ് എ ചന്ദ്രശേഖര്‍

‘സായം’ എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

നടൻ വിജയ്ക്ക് ജാതിയോ മതമോ ഇല്ലെന്നും വിജയ് തമിഴനെന്നും പിതാവ് എസ് എ ചന്ദ്രശേഖര്‍. വിജയ്‌യുടെ ജാതി മതത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘സായം’ എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എങ്ങനെ ജാതി പ്രചരിപ്പിക്കുന്നു എന്നതാണ് ‘സായം’ സിനിമ ചർച്ച ചെയ്യുന്നത്.

”സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ചാണ് സായം ചര്‍ച്ച ചെയ്യുന്നത്. ജാതി ഒഴിവാക്കാന്‍ പ്രായോഗികമായി നമ്മള്‍ എന്നാണ് ചെയ്യാറുള്ളത്? ജാതിക്ക് വളരെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍. എന്റെ മകന്‍ വിജയ്‌യെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതിയോ മതയോ ചേര്‍ത്തിരുന്നില്ല. പകരം ആ കോളത്തില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തത്. ആദ്യം സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് സ്‌കൂളിന് മുന്നില്‍ സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് അവര്‍ സമ്മതിച്ചത്. അന്നു മുതലുള്ള വിജയിയുടെ എല്ലാ സര്‍ട്ടിഫിക്കറ്റിലും ജാതിയുടെ സ്ഥാനത്ത് തമിഴന്‍ എന്നാണ്. എന്നെപ്പോലെ നിങ്ങളും മനസ് വച്ചാല്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജാതി ഇല്ലാതാക്കാം”. ചന്ദ്രശേഖര്‍ പറഞ്ഞു.

അമിതാഭ് ബച്ചന്‍ അഭിനയിച്ച സിനിമയിലടക്കം ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലിമും ജാവേദും അവരുടെ നായകന്മാരുടെ പേര് വിജയ് എന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും. തന്റെ സിനിമകളിലും വിജയ് എന്ന പേരില്‍ കഥാപാത്രങ്ങളുണ്ടായിട്ടുണ്ടെന്നും, അതുകൊണ്ടാണ് മകന് വിജയ് എന്ന പേരിട്ടതെന്നും എസ് എ ചന്ദ്രശേഖര്‍ പറയുന്നു. മാത്രവുമല്ല തന്റെ സിനിമയില്‍ അഭിനയിച്ച അബി ശരവണന്‍ ഇപ്പോള്‍ പേര് മാറ്റി വിജയ് വിശ്വ ആയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിജയിയുടെ ജാതിയുടെയും മതത്തിന്റെയും പേരിൽ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

cp-webdesk