Cinemapranthan

‘അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നത് ഭീരുത്വം ആണ്’; സിദ്ധാർഥ്

‘അന്ന് കമൽഹാസനും വിജയ്ക്കുമൊപ്പം നിന്നു, ഇപ്പോൾ സൂര്യയ്‌ക്കൊപ്പം നിൽക്കും’

തമിഴ് നടൻ സൂര്യക്ക് പിന്തുണയുമായി നടൻ സിദ്ധാർഥ്. സൂര്യക്കെതിരെ വണ്ണിയാര്‍ സമുദായം പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് സിദ്ധാർഥ് പിന്തുണ അറിയിച്ചെത്തിയിരിക്കുന്നത്. നേരത്തെ കമൽഹാസനും വിജയ്ക്കും ഒപ്പം ഇത്തരം സാഹചര്യങ്ങളിൽ തങ്ങൾ പിന്തുണ നൽകി നിന്നിട്ടുണ്ടെന്നും ഇപ്പോൾ സൂര്യക്കൊപ്പവും നിൽക്കുന്നുവെന്നും സിദ്ധാർഥ് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുക എന്നത് ഭീരുത്വം ആണെന്ന് ആണ് സിദ്ധാർഥ് കുറിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

“അന്ന് ഞങ്ങള്‍ കമല്‍ഹാസനൊപ്പം നിന്നു, ഞങ്ങള്‍ വിജയ്‌ക്കൊപ്പം നിന്നു, ഞങ്ങള്‍ സൂര്യയ്ക്കൊപ്പം നിൽക്കും. അഭിപ്രായവ്യത്യാസങ്ങളുടെയോ വ്യക്തിവൈരാഗ്യത്തിന്റെയോ പേരില്‍ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നതും ഒരു കലാസൃഷ്ടിയുടെ പ്രദര്‍ശനത്തെ തടസപ്പെടുത്തുന്നതും ഭീരുത്വമാണെന്ന് വിശ്വസിക്കുന്ന ആരെയും ഞങ്ങള്‍ പ്രതിനിധീകരിക്കുന്നു,” എന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

നേരത്തെ സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പടെ സിനിമ മേഖലയിൽ നിന്നും നിരവധിപ്പേർ സൂര്യക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. വി സ്റ്റാന്‍ഡ് വിത്ത് സൂര്യ’ എന്ന് ഫേസ്ബുക്കിൽ കുറിച്ച് കൊണ്ടാണ് പാ രഞ്ജിത്ത് തന്റെ പിന്തുണ അറിയിച്ചത്.

കഴിഞ്ഞ ദിവസം ‘ജയ് ഭീം’ സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നത്. സിനിമയുടെ അണിയറപ്രവർത്തകർ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.

1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. മോഷണക്കുറ്റമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ സൂര്യയുടെ അഭിനയ ജീവിതത്തിലെ 39-ാം ചിത്രമാണ്. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തിൽ വക്കീലിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. രജിഷ വിജയനാണ് നായിക. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയ്ക്ക് ഒപ്പം ലിജോമോള്‍ ജോസും താര നിരയിലുണ്ട്.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണികണ്ഠനാണ്. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എസ്. ആര്‍. കതിര്‍ ആണ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമസോൺ പ്രൈമിലൂടെ നവംബർ രണ്ടിനാണ് ചിത്രം റിലീസായത്.

അതെ സമയം ‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതിക്കും കുടുംബത്തിനും സൂര്യ സാമ്പത്തിക സഹായം നൽകിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ െകാല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന്റെ പേരിൽ 10 ലക്ഷം രൂപയാണ് സൂര്യ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. ‘ജയ് ഭീമി’ന്റെ ലാഭത്തിൽ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവർക്കായി നൽകിയത്

cinema pranthan