Cinemapranthan

ബോളിവുഡിൽ കഴിവല്ല കുടുംബ പേരാണ് പ്രധാനം; വിമർശിച്ച് വിവേക് ഒബ്‌റോയ്

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് ഒബ്‌റോയ് ഇക്കാര്യം പറഞ്ഞത്

‘ബോളിവുഡ് ഒരു എക്‌സ്‌ക്ലൂസീവ് ക്ലബ്ബാണെന്നും അവിടെ കഴിവിനേക്കാള്‍ പ്രാധാന്യം കുടുംബ പേരിനാണെന്നും’ നടൻ വിവേക് ഒബ്‌റോയ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് ഒബ്‌റോയ് ഇക്കാര്യം പറഞ്ഞത്. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ബോളിവുഡ് കുടുംബാധിപത്യത്തെക്കുറിച്ച് വിമർശിച്ചത്.

‘യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന നേഴ്‌സറി ഞങ്ങള്‍ വികസിപ്പിച്ചില്ല എന്നതാണ് ബോളിവുഡ് സിനിമ വ്യവസായത്തിനെതിരെയുള്ള എന്റെ പരാതി. ഞങ്ങള്‍ എക്‌സ്‌ക്ലൂസീവ് ക്ലബ് ഉണ്ടാക്കി. അവിടെ കുടുംബപ്പേരിനാണ് പ്രാധാന്യം. കഴിവിനല്ല, അത് നിർഭാഗ്യമാണ്‌’. വിവേക് ഒബ്‌റോയ് പറഞ്ഞു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും അവരെ പിന്തുണക്കാനും താന്‍ പരാമാവധി ശ്രമിക്കാറുണ്ടെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.

‘ഏത് വ്യവസായവും വളരണമെങ്കിൽ, പുത്തൻ ആശയങ്ങൾ ആവശ്യമാണ്, പുതിയ ആളുകൾ വരേണ്ടതുണ്ട്, ഇത് സ്വാഗതം ചെയ്യുന്ന ഇടമാകണം, അല്ലാതെ മുന്നോട്ട് പോകുന്ന ഇടമല്ല. ‘ഇതൊരു എക്‌സ്‌ക്ലൂസീവ് ക്ലബ്ബാണ്, നിങ്ങൾക്ക് ശരിയായ കുടുംബപ്പേരോ ശരിയായ കോൺടാക്‌റ്റോ ഇല്ലെങ്കിൽ, നിങ്ങൾ ഇതിൽ ഉൾപ്പെടില്ല’. വിവേക് പറയുന്നു. ‘പുതിയ താരങ്ങളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നഴ്‌സറിയുടെ ഭാഗമാണ് OTT എന്നത് എനിക്ക് ഇഷ്ടമാണ്. വിവേക് കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ലൂസിഫറിലൂടെ’ ആണ് വിവേക് മലയാളത്തിലേക്ക് ആദ്യമായി എത്തുന്നത്. ബോബി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ വിവേകിന്റെ അടുത്ത മലയാള ചിത്രം പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യാണ്. ഈ ചിത്രത്തിലും വില്ലന്‍ കഥാപാത്രത്തെ തന്നെയാണ് വിവേക് അവതരിപ്പിക്കുന്നത്.

cinema pranthan