Cinemapranthan

സല്‍മാനുമായുള്ള പ്രണയത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും തുറന്ന് പറഞ്ഞ് സോമി അലി

സല്‍മാനോട് ആരാധന തോന്നി ഇന്ത്യയിലേക്ക് മോഡലിങ്ങിനായി എത്തുകയായിരുന്നു സോമി അലി

ബോളിവുഡ് നടൻ സൽമാൻ ഖാന്റെയും നടിയും മോഡലുമായ സോമി അലിയുടെയും പ്രണയ കഥ ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു. എട്ടു വർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷം ഇരുവരും പിരിഞ്ഞിരുന്നു. ഐശ്വര്യ റായി, കത്രിന കൈഫ് തുടങ്ങി നിരവധി പേരുകൾ സൽമാനൊപ്പം ചേർത്ത് വാർത്തകളായെങ്കിലും ഇന്നും ക്രോണിക് ബാച്ചിലർ ആയി തുടരുകയാണ് ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാൻ. വർഷങ്ങൾക്കിപ്പുറം സൽമാനുമായുള്ള പ്രണയത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സോമി അലി.

തങ്ങള്‍ ഒരുമിച്ചായിരുന്നപ്പോള്‍ സന്തോഷമുണ്ടായിരുന്നില്ല എന്നും അങ്ങനെയുള്ളൊരു ബന്ധത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ലായിരുന്നുവെന്നും താനും സല്‍മാനും ഒത്തു പോകില്ലെന്നു തോന്നിയതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും സോമി അലി പറയുന്നു. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു ഇരുവരുടെയും.

‘മേ നേ പ്യാര്‍ കിയാ’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ സല്‍മാനോട് ആരാധന തോന്നി ഇന്ത്യയിലേക്ക് മോഡലിങ്ങിനായി എത്തുകയായിരുന്നു സോമി അലി. പാക്കിസ്ഥാനില്‍ ജനിച്ച സോമി അലി വളര്‍ന്നത് അമേരിക്കയിലായിരുന്നു. മോഡലിംഗ് ചെയ്യാൻ എത്തിയ സോമി അലി തുടർന്ന് സിനിമയിലേക്കും എത്തുകയായിരുന്നു.

തുടർന്ന് സൽമാനുമായി പ്രണയത്തിലായ സോമി എട്ടു വർഷത്തിന് ശേഷം വേർപിരിയുകയായിരുന്നു. ഐശ്വര്യ റായിയുമായി സല്‍മാന്‍ പ്രണയത്തിലായതാണ് ഇരുവരും പിരിയാന്‍ കാരണമായതെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. സൽമാനുമായുള്ള പ്രണയം അവസാനിപ്പിച്ച സോമി തിരികെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു.

ഇതോടെ സിനിമയിൽ നിന്നും മാറി നിന്ന സോമി അമേരിക്കയിൽ പഠനത്തിന് ശേഷം ജോലിയിൽ പ്രവേശിക്കുകയും തെക്കന്‍ ഏഷ്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ സംഘടനകളുമായി ചേര്‍ന്ന് സോമി അലി പ്രവര്‍ത്തിക്കുകയും ചെയ്തു.

cinema pranthan