Cinemapranthan

‘നിന്നെ മിസ് ചെയ്യുന്നു സുശാന്ത്’; ‘കേദാർനാഥ്’ വാർഷികദിനത്തിൽ സാറ അലിഖാൻ

മൂന്ന് വര്‍ഷം മുമ്പ് എന്റെ വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഞാനൊരു നടിയായി

ബോളിവുഡ് നടൻ സെയിഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് ‘കേദാർനാഥ്’. ചിത്രം റിലീസ് ആയതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ വികാര നിർഭരമായ കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് സാറ അലിഖാൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായ ദിവസമാണ് ഇതെന്നും, ആദ്യ നായകനായ സുശാന്ത് സിംഗ് രാജ്പുതിനെ മിസ് ചെയ്യുന്നതായും താരം കുറിച്ചു. ‘കേദാർനാഥ്’ ചിത്രത്തിൽ നിന്നുള്ള രംഗങ്ങളടങ്ങിയ ഒരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് കൊണ്ടാണ് താരം സന്തോഷവും നന്ദിയും അറിയിച്ചിരിക്കുന്നത്.

സാറ അലിഖാന്റെ കുറിപ്പ്

“മൂന്ന് വര്‍ഷം മുമ്പ് എന്റെ വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായി, ഞാനൊരു നടിയായി. എന്റെ ഏറ്റവും സ്‌പെഷ്യലും ആദ്യത്തെതുമായ സിനിമ റിലീസ് ചെയ്തു. കേഥാര്‍നാഥ് എനിക്ക് എന്താണെന്ന് വിവരിക്കാന്‍ പറ്റുമോയെന്ന് സംശയമാണ്. ആ സ്ഥലം, ആ ഓര്‍മ്മകള്‍ എല്ലാം. ഇന്ന് ഞാന്‍ എന്റെ മന്‍സൂറിനെ മിസ് ചെയ്യുന്നു. മുക്കു നിങ്ങളുടെ മനസില്‍ ഇടം നേടിയത് സുശാന്തിന്റെ സഹായവും പിന്തുണയും കൊണ്ടാണ്. നിന്നെ എന്നെന്നും മിസ് ചെയ്യും സുശാന്ത്.”

2018ല്‍ പുറത്തിറങ്ങിയ ‘കേദാർനാഥ്’ സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് കപൂര്‍. കേഥാര്‍നാഥ് പ്രളയം പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിൽ ഒരു ഹിന്ദു ബ്രാഹ്മണ്‍ പെണ്‍കുട്ടിയും മുസ്ലീം യുവാവും തമ്മിലുള്ള പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.

സാറയുടെ ആദ്യ നായകനായിരുന്ന സുശാന്ത് സിംഗ് രാജ്പുത് ‘കായ് പോചെ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് എത്തുന്നത്.’ എം എസ് ധോണി; ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ ആരാധകരെ നേടിയ സുശാന്ത് തുടർന്ന് ഒരുപിടി വിജയ ചിത്രങ്ങൾ തന്റെ പേരിൽ എഴുതി ചേർക്കുകയായിരുന്നു.

ബോളിവുഡിലെ യുവനടന്മാരിൽ മുൻപന്തിയിൽ ആയിരുന്ന സുശാന്ത് ജൂൺ 14 നു മുംബൈ ബാന്ദ്രയിലെ സ്വന്തം വസതിയിൽ ആത്മഹത്യാ ചെയ്യുകയായിരുന്നു. സുശാന്തിന്റെ മരണം ഇന്ത്യ മൊത്തം ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു. താരത്തിന്റെ മരണത്തോടെ ബോളിവുഡ് നെപോട്ടിസവും, താരങ്ങൾക്കിടയിലെ ലഹരി ഉപയോഗവും, ചർച്ചയും വിവാദങ്ങൾക്കും വഴി വെക്കുകയും എൻ സി ബി അന്വേഷണത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.

cinema pranthan