Cinemapranthan

‘പാലഭിഷേകം നടത്തരുത്, അത്ര ആഗ്രഹമുണ്ടെങ്കില്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക’; ആരാധകരോട് സൽമാൻ ഖാൻ

അതിരു വിടുന്ന ആരാധകരുടെ ആഘോഷങ്ങൾ തടയുന്നതിന് മുന്നറിയിപ്പ് നൽകുകയാണ് സൽമാൻ ഖാൻ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അത് കൊണ്ട് തന്നെ പ്രിയ താരത്തിന്റെ സിനിമക്ക് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. എന്നാൽ അതിരു വിടുന്ന ആരാധകരുടെ ആഘോഷങ്ങൾ തടയുന്നതിന് മുന്നറിയിപ്പ് നൽകുകയാണ് സൽമാൻ ഖാൻ. തിയറ്ററിന് മുന്നിലെ തന്റെ ഫ്ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് അഭ്യർത്ഥന നടത്തുകയാണ് സൽമാൻ ഖാൻ.

‘ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്‌ളക്‌സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക’, എന്നാണ് വീഡിയോ പങ്ക് വെച്ച് കൊണ്ട് സൽമാൻ കുറിച്ചത്. കഴിഞ്ഞ ദിവസം സൽമാൻ ഖാന്റെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനിടെ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച ആരാധകര്‍ക്ക് ബോധവല്‍ക്കരണവുമായി താരം രം​ഗത്തെത്തിയിരുന്നു.

“തിയറ്ററിനുള്ളിലേക്ക് പടക്കം കൊണ്ടുപോകരുതെന്ന് എന്‍റെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. വലിയ തീപിടുത്തമുണ്ടായി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനു തന്നെ അപായമുണ്ടാക്കിയേക്കാം അത്. തിയറ്ററിനുള്ളില്‍ പടക്കം അനുവദിക്കരുതെന്ന് തിയറ്റര്‍ ഉടമകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ ഇത് തടയേണ്ടതാണ്. സിനിമ അസ്വദിക്കൂ, പക്ഷേ ഇത് ദയവായി ഒഴിവാക്കൂ. ആരാധകരോടുള്ള എന്‍റെ അഭ്യര്‍ഥനയാണിത്. നന്ദി”,എന്നാണ് സല്‍മാന്‍ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞത്.

കോവിഡിനെ തുടർന്നുള്ള നീണ്ട ഇടവേളക്ക് ശേഷം എത്തുന്ന സൽമാൻ ചിത്രമാണ് ‘ആന്റിം: ദി ഫൈനല്‍ ട്രൂത്ത്’. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ രാജ്‍വീര്‍ സിംഗ് എന്ന പഞ്ചാബി പൊലീസ് ഓഫീസര്‍ ആയാണ് താരം എത്തുന്നത്. പ്രവീണ്‍ തര്‍ദെ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ മറാത്തി ക്രൈം ഡ്രാമ ‘മുല്‍ഷി പാറ്റേണി’നെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ആന്റിം: ദി ഫൈനല്‍ ട്രൂത്ത്’. മഹേഷ് മഞ്ജ്‍രേക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

cinema pranthan