Cinemapranthan

പാർവതിയുടെ അവസ്ഥ അറിഞ്ഞപ്പോൾ ദുഖം തോന്നുന്നു; വീട് വെച്ച് നൽകുമെന്ന് രാഘവ ലോറൻസ്

ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബ സമേതം താമസിക്കുന്നത്

ജയ് ഭീം എന്ന തമിഴ് ചിത്രത്തിന് പ്രചോദനമേകിയ പോലീസ് അക്രമത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജകണ്ണിന്റെ ഭാര്യ പാർവതിക്ക് സഹായവുമായി നടൻ രാഘവ ലോറൻസ്. 1995 ൽ മോഷണമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. യഥാർഥ സംഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെങ്കിലും ചിത്രത്തിലെ സെങ്കനി എന്ന കഥാപാത്രത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പാർവതിയുടെ ജീവിതം.

ചിത്രം പ്രേക്ഷകരിലേക്ക് എത്തിയതിനു ശേഷമാണ് ആദിവാസികളിലെ കുറുവ വിഭാഗത്തിൽപെട്ട പാർവതിയുടെ കഥ ചർച്ചയായത്. യഥാർഥ ‘സെങ്കെനി’യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു, ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബ സമേതം താമസിക്കുന്നത്. മാധ്യമങ്ങ്ളിൽ നിന്നാണ് രാഘവ ലോറൻസ് പാർവതിയുടെ ജീവിത കഥ അറിയുന്നത്. തുടർന്ന് പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് നടൻ അറിയിച്ചു.

രാഘവ ലോറൻസിന്റെ വാക്കുകൾ

‘രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോൾ അതിയായ ദുഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജക്കണ്ണും പാർവതിയും പീഡിപ്പിക്കപ്പെട്ടത്. പാർവതിയ്ക്ക് വീട് വച്ചു നൽകുമെന്ന് ഞാൻ വാക്കു നൽകുന്നു.’

ടി.ജെ ജ്ഞാനവേൽ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഒക്‌ടോബർ 2 നു ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 2ഡി എന്റർടൈന്മെന്റിന് കീഴിൽ സൂര്യയും ജ്യോതികയും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സൂര്യ, ലിജി മോൾ ജോസ്, കെ. മണികണ്ഠൻ, രജിഷ വിജയൻ, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവർ അണിനിരക്കുന്നുണ്ട്.

cinema pranthan