Cinemapranthan

സിഖുകാര്‍ക്കെതിരെ വിവാദ പരാമർശം; കങ്കണക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പൊലീസ് കേസ്. സിഖ് സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ആണ് കങ്കണക്കെതിരെ മുംബൈ സബര്‍ബന്‍ഘര്‍ പൊലീസ് കേസെടുത്തത്. സോഷ്യൽ മീഡിയ വഴിയാണ് കങ്കണ സിഖ് സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചതിനാണ് മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുളള ഐപിസി 295 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തത്‌.

സിഖ് ഗുരുദ്വാര കമ്മിറ്റിക്ക് വേണ്ടി അമര്‍ജിത് സിങ് സിദ്ദു എന്നയാളാണ് കങ്കണക്കെതിരെ പരാതി നൽകിയത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ടു കങ്കണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. കങ്കണ വർഗീയ വിദ്വേഷം പടർത്തുകയും ഒരു സമുദായത്തെ (സിഖുകാരെ) പ്രത്യേകിച്ച് ലക്ഷ്യം വയ്ക്കുകയും പ്രതിഷേധിക്കുന്ന കർഷകരെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുകയുമാണെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു.

“ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. സ്വന്തം ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്” എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. ഇതിനെതിരെയാണ് അമര്‍ജിത് സിങ് സിദ്ദു പരാതി നൽകിയത്.

സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവിശ്യപ്പെട്ട് സിഖ് ഗുരുദ്വാര കമ്മിറ്റി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു. കേസില്‍ വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

cinema pranthan