Cinemapranthan

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാനെതിരെ നിയമവിരുദ്ധ പ്രവൃത്തിയിലേർപ്പെ‌ട്ടതിന് തെളിവില്ലെന്ന് കോടതി

ആര്യൻ ഖാന്റെ ജാമ്യ ഉത്തരവ് പുറത്ത് വിട്ടു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടയിൽ അറസ്റ്റിലായ ആര്യൻ ഖാനും ഒപ്പം അറസ്റ്റിലായവരും നിയമവിരുദ്ധ പ്രവൃത്തിയിലേർപ്പെ‌ട്ടതിനോ, ​ഗൂഡാലോചന നടത്തിയതിനോ തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ആര്യൻ ഖാന്റെ ജാമ്യ ഉത്തരവ് പുറത്ത് വിട്ടു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്യനും ഒപ്പം അറസ്റ്റിലായ അർബാസ് മെർച്ചന്റും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഒരേ കപ്പലിൽ സഞ്ചരിച്ചു എന്നത് കൊണ്ട് മാത്രം അവർക്കെതിരെ ​ഗൂ‍ഡാലോചന ആരോപിക്കാനാവില്ല എന്നും ആര്യൻ ഖാന്റെ കൈയ്യിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തിട്ടില്ലെന്നും അർബാസ്, മുൻമുൻ എന്നിവരിൽ നിന്നും കണ്ടെടുത്തത് ചെറിയ അളവിലുള്ള ലഹരി വസ്തുക്കളാണെന്നും പറഞ്ഞു. 4 പേജുള്ള ജാമ്യ ഉത്തരവിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

27 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം ഒക്ടോബർ 28 നാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേൽ ജ്യാമ്യം ലഭിച്ച ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ തങ്ങളുടെ പാസ്‌പോര്‍ട്ട് എന്‍ഡിപിഎസിന് കൈമാറണം. പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടാന്‍ പാടില്ല, എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിന് മുന്നില്‍ ഹാജരാവണം തുടങ്ങിയ പതിന്നാല് 14 നിബന്ധനകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസിൽ ആര്യന്‍ ഖാനെ കൂടാതെ നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം എട്ടുപേരാണ് അറസ്റ്റിലായത്. അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സാരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനായിരുന്നു ആഡംബര കപ്പലില്‍ റെയ്ഡ് നടന്നത്. കേസില്‍ ഒന്നാം പ്രതി ആര്യന്‍ ഖാന്‍ ആണ്.

cinema pranthan