ബോളിവുഡും ആരാധകരും ആകാംഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കത്രീന കൈഫ്- വിക്കി കൗശൽ വിവാഹം. ഡിസംബർ 7 മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളുടെ വീഡിയോയുടെ സംപ്രേക്ഷണാവകാശം 80 കോടിക്ക് ആണ് വിറ്റു പോയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോ ആണ് വൻതുകക്ക് വിവാഹ വീഡിയോയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്.
രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന താര വിവാഹത്തിനായി ജയ്പൂരും ബോളിവുഡും ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ 7 മുതൽ ആരംഭിക്കുന്ന ചടങ്ങിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ആണ് ചടങ്ങ്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വെവ്വേറെ ആചാരപ്രകാരം രണ്ട് ഹല്‍ദി ചടങ്ങുകള്‍ ആണ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ബോളിവുഡിൽ ഇതിനു മുൻപും ഇത് പോലെ വൻതുകക്ക് വിവാഹ വീഡിയോയുടെ സംപ്രേക്ഷണാവകാശം വിറ്റു പോയത് പ്രിയങ്ക ചോപ്ര – നിക് ജോനാസ് എന്നിവരുടേതായിരുന്നു. ഒരു അമേരിക്കൻ ചാനൽ ആണ് പ്രിയങ്ക – നിക് ജോഡികളുടെ വിവാഹചടങ്ങുകളുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്.

അതീവ രഹസ്യമായി നടക്കുന്ന കത്രിന – വിക്കി വിവാഹത്തിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് ക്ഷണമുള്ളത്. വിവാഹത്തിന് എത്തുന്നവർക്ക് ഒരു രഹസ്യ കോഡും നൽകിയിട്ടുണ്ട്. ഈ കോഡ് ഉള്ളവർക്ക് മാത്രമേ പ്രവേശനാനുമതി ഉള്ളു. കൂടാതെ ഈ രഹസ്യകോഡ് പുറത്തു പറയില്ലെന്ന ഉടമ്പടിയിലും അതിഥികള്‍ ഒപ്പുവയ്ക്കണം.

തങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് വിവാഹത്തിന് പങ്കെടുക്കുന്നവർക്ക് നിരവധി നിബന്ധനകളാണ് ഇരുവരും വെച്ചിരിക്കുന്നത്. ‘അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനോ പാടില്ല. വിവാഹം നടക്കുന്ന ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വിഡിയോ റീല്‍സ് ആയി ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത്,’ തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.

ബോളിവുഡില്‍ ഇത്രയും ആഘോഷപൂര്‍വ്വം നടക്കുന്ന ഒരു താരവിവാഹം അടുത്തകാലത്ത് ഉണ്ടായിട്ടില്ല. സ്ഥലത്തെ സുരക്ഷയ്ക്കൊപ്പം തന്നെ സല്മാന് ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കും. ഷാറൂഖ് ഖാനും കബീര്‍ ഖാനുമുൾപ്പടെ പ്രമുഖർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. വിവാഹത്തിനു ശേഷം മുംബൈയിൽ സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഇരുവരും റിസപ്ഷൻ സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വിവാഹ വാർത്തകൾ പുറത്തു വന്നത് മുതൽ സോഷ്യൽ മീഡിയയുടെ പ്രധാന ചർച്ച കേന്ദ്രമായിരുന്നു ഈ പ്രണയ ജോഡികൾ. താരങ്ങളുടെ വിവാഹചടങ്ങിന് പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകൾ വാർത്തകളിലിടം പിടിച്ചിരുന്നു. നിബന്ധനകള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇരുവർക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.