Cinemapranthan

കാർഷിക നിയമങ്ങൾ പിൻവലിച്ചത് നാണക്കേടായിപ്പോയി; നിരാശ പ്രകടിപ്പിച്ച് കങ്കണ

രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്

കാർഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സർക്കാർ തീരുമാനം നാണക്കേടായിപ്പോയെന്ന് നടി കങ്കണ റണാവത്ത്. തന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ആണ് കങ്കണ നിരാശ പ്രകടിപ്പിക്കുന്ന കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

‘ഈ തീരുമാനത്തില്‍ സങ്കടമുണ്ട്, നാണക്കേടായിപ്പോയി, നീതിയുക്തമല്ലാത്ത നടപടിയായി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പകരം തെരുവിലുള്ളവര്‍ നിയമം നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമാകും. ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’ കങ്കണ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇതിനു മുൻപും കർഷക സമരങ്ങൾക്കെതിരെ കങ്കണ രംഗത്തെത്തിയിരുന്നു. പ്രശസ്ത പോപ് താരം റിഹാന കർഷക സമരത്തിന്റെ ചിത്രങ്ങളടങ്ങുന്ന വാർത്ത പങ്ക് വെച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. കർഷകസമരഭൂമിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ വാർത്ത വന്നതിനു പിന്നാലെ, എന്തു കൊണ്ടാണ് ആരും ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാത്തതെന്ന് ചോദിച്ചു കൊണ്ട് കർഷകസമരം എന്ന ഹാഷ് ടാഗോടെയാണ് റിഹാന ട്വിറ്ററിൽ പ്രതികരിച്ചത്. ഇതിനെതിരെയാണ് കങ്കണ ട്വീറ്റ് ചെയ്തത്.

‘കർഷക സമരത്തെക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല. കാരണം, സമരം ചെയ്യുന്നവർ കർഷകരല്ല, ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ഭീകരർ ആണ് അവർ. അതോടെ ദുര്‍ബലമാകുന്ന വിഭജിത ഇന്ത്യയെ നിയന്ത്രണത്തിലാക്കാന്‍ ചൈനയ്ക്കു കഴിയുകയും ചെയ്യും. നിങ്ങളെ പോലെ രാജ്യത്തെ വില്‍ക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. വിഡ്ഢി താങ്കൾ മിണ്ടാതിരിക്കൂ’, എന്നായിരുന്നു കങ്കണ അന്ന് ട്വീറ്റ് ചെയ്തത്. തുടർന്ന് കങ്കണയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തുകയും, മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ച് കര്‍ഷക സമരവുമായി ബന്ധപ്പെട്ട കങ്കണയുടെ ട്വീറ്റുകള്‍ ട്വിറ്റർ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

അതേ സമയം എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് നരേന്ദ്രമോദിയുടെ നിർണ്ണായക പ്രഖ്യാപനം.

കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും പറഞ്ഞ പ്രധാനമന്ത്രി ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരുമെന്നും, കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകുമെന്നും അറിയിച്ചു. സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി കർഷകരോട് ആവശ്യപ്പെട്ടു.

cinema pranthan