Cinemapranthan

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് വൃക്ക മാറ്റിവെക്കാൻ 15 ലക്ഷം നൽകി ദീപിക

‘ഛപക്ക്’ എന്ന ചിത്രത്തിൽ ദീപികക്കൊപ്പം അഭിനയിച്ച ബാല പ്രജാപതിക്കാണ് ദീപിക രൂപ നൽകിയത്

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് വൃക്ക മാറ്റി വെക്കുന്നതിനായി പതിനഞ്ച് ലക്ഷം രൂപ നൽകി ബോളിവുഡ് താരം ദീപിക പദുക്കോൺ . ‘ഛപക്ക്’ എന്ന ചിത്രത്തിൽ ദീപികക്കൊപ്പം അഭിനയിച്ച ബാല പ്രജാപതിക്കാണ് ദീപിക രൂപ നൽകി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന ബാല പ്രജാപതിയുടെ വൃക്ക മാറ്റി വെക്കുന്നതിനു വേണ്ടിയാണു ദീപിക രൂപ നൽകിയത്.

ബാലക്ക് വേണ്ടി ചികിത്സക്കായുള്ള പണം സ്വരൂപിക്കുന്ന ചരൺ ഫൗണ്ടേഷനിൽ ആണ് ദീപിക 15 ലക്ഷം നൽകിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് ഛപ്പക്ക് എന്ന ചിത്രം പറയുന്നത്. ലക്ഷ്മിയെ അവതരിപ്പിച്ചത് ദീപികയാണ്. ചിത്രത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ മറ്റു സ്ത്രീകളും അഭിനയിച്ചിരുന്നു.

ഷാറൂഖ് ഖാൻ നായകനാകുന്ന ‘പത്താന്‍’ ആണ് ദീപികയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അതേസമയം, സഞ്ജയ് ലീലാ ബന്‍സാലിയുടെ ബൈജു ബാവ്‌റ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് നായകനൊപ്പം തുല്യ ശമ്പളം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗായിരുന്നു സിനിമയിലെ നായകൻ. രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചിരുന്നത്.

cp-webdesk